തിരുവനന്തപുരം • കോവിഡ് 19 സംബന്ധിച്ച് വൈദഗ്ധ്യം ഇല്ലാത്ത പലരും അശാസ്ത്രീയവും അബദ്ധജഡിലവുമായ നിരീക്ഷണങ്ങൾ ആധികാരികമായി പ്രസ്താവിക്കുന്നത്് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ചിലർ അതിശയോക്തി കലർത്തി ഇപ്പോഴത്തെ അവസ്ഥയെ പെരുപ്പിച്ചു കാട്ടുകയും പ്രശ്‌നത്തെ ന്യൂനീകരിക്കുകയും ചെയ്യുന്നു. ഇത് അപകടകരമാണ്. അത്തരം ആളുകൾ ധാർമികത മുൻനിർത്തി ഗ്രാഹ്യമില്ലാത്ത കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. അത്തരം വാദങ്ങൾക്ക് ഇടം നൽകുന്ന മാധ്യമങ്ങളും ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
അടുത്ത ചില ആഴ്ചകൾ അതീവ പ്രധാനമാണ്. നാം കാട്ടുന്ന ജാഗ്രത അനുസരിച്ചാവും ഇതിയുള്ള സ്ഥിതി. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക എന്നത് ഒരു നിഷ്ഠയാക്കണം. സന്നദ്ധ സേവനം ചെയ്യാൻ കഴിയുന്നവരെല്ലാം സമൂഹത്തിന്റെയാകെ ആരോഗ്യം ഉറപ്പുവരുത്താനായി മുന്നിട്ടിറങ്ങണം. അതിജീവനത്തിന്റെ ജനകീയ മാതൃക നാം ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. കൊവിഡിനെതിരായ അതിജീവനം നാം രചിക്കേണ്ടതും ആ ജനകീയ മാതൃകയിലൂന്നിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനപ്രതിനിധികൾക്ക് രോഗം ബാധിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ട്. അവർ കർമനിരതരായി രംഗത്തുണ്ടാകേണ്ട ഘട്ടമാണിത്. എന്നാൽ, സുരക്ഷാ മുൻകരുതലിൽ വീഴ്ചയുണ്ടാകാൻ പാടില്ല. ചില ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പൊതു ചടങ്ങുകളിലും മറ്റും വേണ്ട അകലം പാലിക്കാതെ പങ്കെടുക്കുന്നുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments