Latest NewsKeralaNews

കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവം, പിണറായിക്ക് മാന്യമായി രാജിവച്ചു പോകാനുള്ള അവസരമാണിത്; വിമർശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു മാന്യമായി രാജിവച്ചു പോകാനുള്ള അവസരമാണിതെന്നും അദ്ദേഹത്തെക്കൂടി ചോദ്യം ചെയ്തിട്ടേ രാജിവയ്ക്കൂ എന്ന നിലപാടെടുക്കാൻ പാടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലോ കേരളത്തിലോ എന്‍ഐഎ പോലെയൊരു അന്വേഷണസംഘം സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ സെക്രട്ടറിയേറ്റിലേക്കോ കടന്നുചെന്ന ചരിത്രം ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്രയും അതീവഗുരുതരമായ സംഭവം നടന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തില്‍ സംസാരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എവിടെ വേണമെങ്കിലും അന്വേഷണം നടക്കട്ടെ, അരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ എന്ന നിലപാട് അപഹാസ്യമാണ്.
സംഭവത്തെക്കുറിച്ച് താനൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാവാത്ത കാര്യങ്ങള്‍ നടന്നിട്ടും അതൊക്കെ മഹത്വവത്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക്, കൺസൽട്ടൻസികളുടെ നിയമനം, കൺസൽട്ടൻസികൾ നടത്തിയ നിയമനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സിബിഐ അന്വേഷണം വേണം. സ്വർണക്കടത്തിലെ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ആദ്യം മുതൽ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിനെ നിയന്ത്രിച്ചത് എം.ശിവശങ്കറാണ്.

ആരോപണം ഉയർന്നപ്പോൾ ശിവശങ്കറിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. സ്വർണക്കടത്തു കേസിലെ പ്രതികളെ കണ്ടെത്താൻ കേരള പൊലീസിനു കഴിഞ്ഞില്ല. ബെംഗളൂരു വരെ എത്താൻ പ്രതികളെ സഹായിച്ചത് പൊലീസാണ്. വിമാനത്താവളത്തിനു പുറത്ത് സ്വർണം പിടിക്കേണ്ടത് പൊലീസാണ്. അവർ പ്രതികളെ സംരക്ഷിക്കാനും സഹായിക്കാനും ശ്രമിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൊലീസ് പ്രതികളെ സഹായിച്ചത്.

കൺസൽട്ടൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 4 വർഷത്തിനിടെ കേരളത്തിൽ ഏതെങ്കിലും പദ്ധതി ആരംഭിച്ചിട്ടുണ്ടോ? കൺസൽട്ടൻസി സേവനം എടുക്കാൻ കഴിയുന്ന സർക്കാർ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട്. അവർക്കു പരിശീലനം കൊടുത്താൽ മതി. അതു ചെയ്യാതെ വിദേശത്തുനിന്ന് കൺസൽട്ടൻസികളെ കൊണ്ടുവന്ന് നിയമനങ്ങൾ നടത്തുകയാണ് സർക്കാർ ചെയ്തത്. മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ പ്രതിപക്ഷത്തിനു വിശ്വാസമില്ല. സിബിഐ അന്വേഷണത്തിലൂടെയേ കാര്യങ്ങൾ പുറത്തുവരൂ. സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിനു കോൺഗ്രസ് ജനപ്രതിനിധികളുടെ സത്യഗ്രഹം അവരവരുടെ വീടുകളിൽ നടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button