തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ അടക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ഡൗൺ വേണമെന്ന നിർദ്ദേശമാണ് ആരോഗ്യ വകുപ്പിനുള്ളത്. എന്നാൽ ഇക്കാര്യത്തിൽ കക്ഷി നേതാക്കളുടെ അഭിപ്രായം തേടും. മറ്റ് നിയന്ത്രണങ്ങളും യോഗം ചർച്ച ചെയ്യും. ഉച്ചക്ക് 3 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗം.
തുടർച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് പ്രതിദിനരോഗികളുടെ എണ്ണം ആയിരം കടന്നതോടെ രോഗവ്യാപന ഭീഷണി ഉയരുകയാണ്. ഇന്നലെ രോഗബാധിതരായ 1078 പേരിൽ 798 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. തലസ്ഥാനത്തെ ആശങ്കക്ക് കുറവില്ല. രോഗം ബാധിച്ച 222 രോഗികളിൽ 206 പേർക്ക് രോഗം സമ്പർക്കത്തിലൂടെയാണ്. നഗരസഭയിലെ 7 ജനപ്രതിനിധികൾ രോഗബാധിതരായി. കൊല്ലത്ത് തുടർച്ചയായി 100ൽ കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യുന്നു. പത്തനംതിട്ടയിൽ റിപ്പോർട്ട് ചെയ്ത 27 പേരിൽ 24 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.
കോഴിക്കോട്ടും മലപ്പുറത്തും പാലക്കാട്ടും ആശങ്ക തുടരുകയാണ്. പരിയാരം മെഡിക്കൽ കോളജിൽ ഡോക്ടറടക്കം 7 പേർ കൊവിഡ് ബാധിതരായത് ആരോഗ്യ വകുപ്പിന് വെല്ലുവിളിയായി. മലപ്പുറത്ത് കൊണ്ടോട്ടി മാർക്കറ്റ് കേന്ദ്രീകരിച്ച് വ്യാപനം തുടരുന്നു. മധ്യകേരളത്തിൽ കൊവിഡ് രോഗികൾ കൂടുകയാണ്. എറണാകുളത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച നൂറിൽ 94 പേർക്കും രോഗം സമ്പർക്കത്തിലൂടെയാണ്.
Post Your Comments