മണിരത്നം സംവിധാനം ചെയ്ത് 1993 ല്‍ റിലീസ് ചെയ്ത ‘തിരുടാ തിരുടാ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനു അഗര്‍വാളിന്റെ ജീവിതം വെബ് സീരീസാകുന്നു. വെബ് സീരീസില്‍ അനുവും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങള്‍ അവതരിപ്പിക്കുന്നത് മറ്റു താരങ്ങളായിരിക്കും.
1999 ല്‍ ഉണ്ടായ ഒരു കാര്‍ അപകടമാണ് അനുവിന്റെ ജീവിതം ആകെ മാറ്റി മറിച്ചത്. അപകടത്തെ തുടര്‍ന്ന് 29 ദിവസം കോമയിലായിരുന്നു താരം. കോമയില്‍ നിന്നുണര്‍ന്നപ്പോള്‍ ഓര്‍മകള്‍ നഷ്ടമായി. യോഗയിലൂടെയാണ് അനു തന്റെ ജീവിതം തിരിച്ചു പിടിച്ചത്. പിന്നീട് സിനിമകളിലോ സീരിയലുകളിലോ താരം അഭിനയിച്ചില്ല. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം ഇപ്പോള്‍ വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്.
അനു തെന്നിന്ത്യയില്‍ ശ്രദ്ധേയയായത് ‘തിരുടാ തിരുടാ’ എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിലെ ‘വീരപാണ്ടി കോട്ടയിലെ’ എന്ന ഗാനവും അനുവിന്റെ നൃത്ത ചുവടുകളുമെല്ലാം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. ഹീര രാജഗോപാല്‍, പ്രശാന്ത്, ആനന്ദ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഡല്‍ഹിയില്‍ ജനിച്ച അനു അഗര്‍വാള്‍, ചെന്നൈയിലാണ് വളര്‍ന്നത്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ഗോള്‍ഡ് മെഡല്‍ നേടി വിജയിച്ച അനു പിന്നീട് മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്.
ദൂരദര്‍ശനിലെ ഇസി ബഹനേ എന്ന സീരിയലിലൂടെയാണ് അനു അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ആഷിക്വി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം വലിയ ഹിറ്റായതോടെ അനുവും ശ്രദ്ധ നേടി. തുടര്‍ന്ന് കിങ് അങ്കിള്‍, ഖാല്‍ നായിക, റിട്ടേണ്‍ ഓഫ് ജുവല്‍ തീഫ് തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു. ബാംഗ്ലൂരിലാണ് താരമിപ്പോള്‍ താമസിക്കുന്നത്.
Post Your Comments