Latest NewsKeralaNews

കാസര്‍കോട് നീലേശ്വരത്ത് 16 കാരിയെ അച്ഛനടക്കം 7 പേര്‍ പീഡിപ്പിച്ച കേസ് ; അമ്മയടക്കമുള്ളവരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

കാസര്‍കോട്: നീലേശ്വരത്ത് 16 കാരിയെ പിതാവടക്കം 7 പേര്‍ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. നിലവില്‍ മദ്രസാ അദ്ധ്യാപകനായ പിതാവടക്കം നാല് പേരാണ് അറസ്റ്റിലായത്. കേസില്‍ പ്രതികളായ കുട്ടിയുടെ അമ്മയടക്കമുള്ളവരെ ഇന്ന് അറസ്റ്റ് ചെയ്യാനാണ് സാധ്യത. പെണ്‍കുട്ടിയുടെ അമ്മക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെയും കേസില്‍ പ്രതി ചേര്‍ത്തത്. അമ്മ അറിഞ്ഞുകൊണ്ടാണ് പിതാവും മറ്റുള്ളവരും 16 കാരിയെ പീഡിപ്പിച്ചതെന്നാണ് വിവരം. കേസില്‍ അമ്മയ്‌ക്കെതിരെയും പോക്‌സോ ചുമത്തി കേസെടുത്തിട്ടുണ്ട്.

പീഡിപ്പിച്ചെന്ന കുട്ടിയുടെ മൊഴിയില്‍ പറഞ്ഞ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഗര്‍ഭഛിദ്രം നടത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കാതിരിക്കുകയും ചെയ്ത നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയും പോക്‌സോ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടറെയും പൊലീസ് ചോദ്യംചെയ്തു. അച്ഛനും അമ്മയും സാമ്പത്തിക നേട്ടത്തിനായി കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ചതായും റിപ്പോര്‍ട്ടുണ്ട്.

മദ്രസാ അദ്ധ്യാപകനായ അച്ഛനെ കൂടാതെ നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്. രണ്ടു വര്‍ഷമായി ലൈംഗിക പീഡനത്തിന് ഇരയാകുകയും ഗര്‍ഭിണിയാകുകയും ചെയ്തിട്ടും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ തയ്യാറാകാതിരുന്ന അമ്മയേയും പൊലീസ് കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നു. എട്ടാം ക്ലാസ് മുതല്‍ വീട്ടില്‍ വച്ച് പല തവണ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് മറ്റ് ആറ് പേരും പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ഗര്‍ഭം അലസിപ്പിക്കുകയുമുണ്ടായി. ഈ വിവരമറിഞ്ഞ അമ്മാവന്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

രണ്ട് വര്‍ഷമായി പെണ്‍കുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെയും പോക്‌സോ കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ പീഡനത്തിന് ഇരയാക്കിയതിനാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button