തിരുവനന്തപുരം: തിരുവനന്തപുരത്ത് കിം പരീക്ഷയെഴുതിയ കൊല്ലം സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കും കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ കൈതടി സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ അച്ഛന് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം കൈമനത്തെ മന്നം റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളിലെ ഇരുപതാം നമ്പര്‍ മുറിയില്‍ പരീക്ഷ എഴുതിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി കീം പരീക്ഷയെഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥിയുടെ കൂട്ടിനായെത്തിയ ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കോഴിക്കോട് ഒരു വിദ്യാര്‍ത്ഥിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരീക്ഷാ ഹാളിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക പടര്‍ന്നിരുന്നു.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉണ്ടായിരുന്ന തലസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നതിനിടെ കീം പരീക്ഷ നടത്തുന്നതില്‍ നേരത്തെ തന്നെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്ക ഉയര്‍ത്തിയതാണ്. എന്നാല്‍ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കി സര്‍ക്കാര്‍ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോവുകയായിരുന്നു.
തെക്കാട് ബിഎഡ് സെന്ററില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും കരമന ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിയായ വിദ്യാര്‍ത്ഥിക്കുമാണ് തിരുവനന്തപുരത്ത് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന കരകുളം സ്വദേശി പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്‌കൂളില്‍ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിയായ വിദ്യാര്‍ത്ഥിക്കും കോവിഡ് സ്ഥിരീകരിച്ചു. ഈ വിദ്യാര്‍ത്ഥിക്കൊപ്പം ഹാളില്‍ പരീക്ഷ എഴുതിയ 20 പേരെയും ഇന്‍വിജിലേറ്റര്‍മാരെയും വളണ്ടിയര്‍മാരെയും നിരീക്ഷണത്തിലേക്ക് മാറ്റി. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ കുട്ടിക്കൊപ്പമെത്തിയ മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പരീക്ഷ തീരും വരെ രക്ഷിതാവ് സ്‌കൂളിന് മുന്നില്‍ ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന മുഴുവന്‍ രക്ഷിതാക്കളോടും ജാഗ്രത പാലിക്കാനും രോഗലക്ഷണമുണ്ടെങ്കില്‍ ചികിത്സ തേടാനും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
Post Your Comments