![](/wp-content/uploads/2020/07/19as15.jpg)
കോട്ടയം : കോട്ടയം മെഡിക്കൽ കോളെജിൽ നിന്നും രാത്രി 12നും 12.30നും ഇടയിലായി സ്ത്രീയുടെ നിലവിളി ശബ്ദം കേൾക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ പരാതി ഉയർന്നിരുന്നു. ആശുപത്രിയിലെ ജീവനക്കാരും മറ്റ് രോഗികളുമാണ് ഇക്കാര്യം പറഞ്ഞിരുന്നത്. തുടർച്ചയായി ഇത് അനുഭവപ്പെടുന്നതോടെ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രി അധികൃതർ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രികാലങ്ങളിൽ ഈ മേഖല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനാശാസ്യ സംഘങ്ങളാണ് ഭീതി പരത്താൻ ശ്രമിക്കുന്നതെന്നാണ് സൂചന. ഗൈനക്കോളജി ഒ.പിയിൽ നിന്നാണ് അർദ്ധരാത്രികളിൽ സ്ത്രീയുടെ നിലവിളി ശബ്ദം കേട്ടിരുന്നത്. എന്നാൽ ആരും ശബ്ദം കേട്ട സ്ഥലത്തേക്ക് പോകാൻ ധൈര്യം കാണിച്ചിരുന്നില്ല.
ഗൈനക്കോളജി ഒ.പി വിഭാഗത്തിന് അടുത്തായി കാടുപിടിച്ചു കിടക്കുന്ന സ്ഥലം ലഹരി മാഫിയയുടെയും അനാശാസ്യ സംഘങ്ങളുടെയും കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ ആളുകളെ അടുപ്പിക്കാതിരിക്കാനാണ് പ്രേതനാടകം കളിക്കുന്നതെന്നാണ് വിവരം. ഇവർ തന്നെയാണ് മെഡിക്കൽ കോളജുമായി ബന്ധപ്പെടുത്തി ഭീതിപ്പെടുത്തുന്ന വ്യാജപ്രേത കഥകളും പ്രചരിപ്പിക്കുന്നതെന്നാണ് സൂചന.
പൊലീസിന്‍റെ സഹായത്തോടെ മെഡിക്കൽ കോളജ് അധികൃതർ നടത്തിയ അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനു ശേഷവും പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല.. ആ സാഹചര്യത്തിൽ കൂടിയാണ് സാമൂഹിക വിരുദ്ധരുടെ ഇടപെടൽ സംഭവത്തിന് പിന്നിലുണ്ടെന്ന സംശയം ഉയർന്നിരിക്കുന്നത്.
Post Your Comments