തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണം മുറുകുമ്പോഴും
ഈ മാസം മാത്രം നാല് വിമാനത്താവളങ്ങളിലൂടെ കടത്താന്‍ ശ്രമിച്ച 27 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
ജൂലൈ 1നും 15നുമിടയില്‍ കരിപ്പൂര്‍ വഴി മാത്രം സ്വര്‍ണം കടത്തിയതിന് പിടിയിലായത് 24 പേര്‍. പിടിച്ചെടുത്തത് 18 കിലോ 549 ഗ്രാം സ്വര്‍ണം. ഡിപ്ലോമാറ്റിക് കാര്‍ഗോയിലൂടെ സ്വര്‍ണം കടത്തിയത് പിടിയിലായതിനെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചതില്‍ മൂന്ന് കിലോ 450 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കണ്ണൂരിലൂടെ കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ 225 ഗ്രാം സ്വര്‍ണവും നെടുമ്പാശേരി വഴി എത്തിക്കാന്‍ ശ്രമിച്ചതില്‍ 2 കിലോ 130 ഗ്രാം സ്വര്‍ണവും പിടിച്ചെടുക്കാന്‍ കസ്റ്റംസിനായി.
കസ്റ്റംസും എന്‍ഐഎയും ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള കള്ളക്കടത്ത് വഴികള്‍ ചികഞ്ഞെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. അപ്പോഴും കള്ളക്കടത്ത് സംഘങ്ങള്‍ പരമ്പരാഗത വഴികളിലൂടെ സ്വര്‍ണം എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നാണ് വിമാനത്താവളങ്ങളിലെ സ്വര്‍ണവേട്ട കണക്കുകളില്‍ നിന്നും തെളിയുന്നത്.
Post Your Comments