തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ മരണപ്പെടുന്ന ഒമ്പാതമത്തെ കോവിഡ് രോഗിയാണ് ജയചന്ദ്രന്‍. ഇയാളുടെ മരണത്തോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 43 ആയി ഉയര്‍ന്നു.
സംസ്ഥാനത്തെ കോവിഡിന്റെ സാമൂഹിക വ്യാപനം നടന്നതായി സര്‍ക്കാര്‍ ആദ്യം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം ജില്ലയില്‍ മൊത്തം നിലവില്‍ ലോക്ക് ഡൌണ്‍ ബാധകമാണ്. തീരപ്രദേശങ്ങളെ ക്രിട്ടിക്കല്‍ സോണായി കണക്കാക്കി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ജൂലൈ 28 അര്‍ദ്ധരാത്രിവരെ ലോക്ക് ഡൗണ്‍ നീട്ടിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകം.അക്കൗണ്ട് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ നടക്കുന്ന മെഡിക്കല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. എന്നാല്‍ നിര്‍മാണ മേഖലയ്ക്കുള്ളില്‍ ക്യാമ്പുകളില്‍ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിയ്ക്കായി നിയോഗിക്കാന്‍ പാടുള്ളു. ഇവരെ നിര്‍മാണ മേഖലയ്ക്കു പുറത്തുവിടാന്‍ പാടില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും നിലവിലുള്ളതു പോലെ തുടരുമെന്നും കളക്ടര്‍ അറിയിച്ചു.
Post Your Comments