എറണാകുളം : കോവിഡ് ക്ലസ്റ്ററുകളായ ചെല്ലാനം, ആലുവ തുടങ്ങിയ ഇടങ്ങളില്‍ രോഗവ്യാപനത്തിന്റെ വർധനവ് ആശങ്ക സൃഷ്ടിക്കുന്നു. ചെല്ലാനത്ത് ഇരുന്നൂറ് പേര്‍ക്ക് മുകളിലാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വ്യാപക സ്രവ പരിശോധന നടത്താന്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു.
നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ചെല്ലാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് തുടരുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കിടയിലാണ് ആദ്യഘട്ടത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ചെല്ലാനത്തെ മത്സ്യബന്ധന മേഖല പൂര്‍ണമായി നിലച്ചിരിക്കുകയാണ്. സൗജന്യ റേഷനും ഭക്ഷ്യകിറ്റ് വിതരണവും നടത്തി പ്രദേശത്തുളളവരെ പുറത്തേക്ക് വിടാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട് അധികൃതര്‍.
ദിനംപ്രതി രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ വ്യാപക സ്രവ പരിശോധന നടത്താന്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക നോഡൽ ഓഫീസർക്കാണ് ചുമതല. ചെല്ലാനത്ത് ഇതു വരെ 770 സാമ്പിളുകൾ ആണ് പരിശോധിച്ചത്.സെന്‍റ്. ആന്‍റണീസ് പളളിയോട് ചേര്‍ന്നുളള ഹാളില്‍ ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്‍റ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുളളത്.
ആലുവ ക്ലസ്റ്ററില്‍ നൂറിലധികം പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടുണ്ട്. പ്രദേശത്തും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഡ്രോണുകളുള്‍പ്പെടെ ഉപയോഗിച്ച് നിരീക്ഷണം ശക്തമാണ്. കീഴ്മാടാണ് മറ്റൊരു പ്രധാന ക്ലസ്റ്റര്‍. അതേസമയം എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുളള രോഗവ്യാപനം തടയാനായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. 638 പേരാണ് നിലവില്‍ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുളളത്.
Post Your Comments