കുമ്പനാട്: അഞ്ച് ദിവസം പ്രായമായ കുട്ടിയുടെ ഓമനത്തമുള്ള മുഖവും പുഞ്ചിരിയും കാണുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും സന്തോഷമാണ് അതിനെ കാണുന്ന മാതാപിതാക്കൾക്കുള്ളത്. എന്നാൽ ഈ സന്തോഷത്തിന് അഞ്ച് ദിവസത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളു. കുഞ്ഞിന് സുഷുമ്‌നാ നാഡിയില്‍ മാരകമായ തകരാറുണ്ടെന്നും സ്പിനാ ബിഫിഡായും മൈലോ മെനിജോ സെലിയുമാണെന്ന് ഡോക്ടർമാർ കണ്ടെത്തി.
തങ്ങളുടെ കുഞ്ഞ് ജീവിത കാലം മുഴുവന്‍ ചലമറ്റ് കിടക്കുമെന്ന് അറിഞ്ഞതോടെ ആകെ വിഷമത്തിലായിരിക്കുകയാണ് മാതാപിതാക്കളായ തിരുവല്ല കുമ്പനാട് കല്ലറയ്ക്കൽ ഓമൂട്ടിൽ വീട്ടിൽ തോമസിന്റെ മകളായ ടീനയും ആറന്മുള ഇടശ്ശരിമല കാരുവേലിൽ ജോർജ് മത്തായിയും. ഇവരുടെ അഞ്ച് ദിവസം പ്രായമുള്ള കുട്ടിയെയാണ് വെല്ലൂർ സിഎംസി മെഡിക്കൽ കോളെജിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയാൽ രക്ഷിക്കാൻ സാധിക്കുമെന്ന് അടൂരിലെ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചത്. എന്നാൽ തമിഴ്നാട്ടിലെ മദ്രാസിലും വെലൂരിലും
കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തമിഴ്നാട് സർക്കാർ ഇവർക്ക് തമിഴ്നാട്ടിലേക്ക് പ്രവേശന അനുമതി നിഷേധിച്ചു. ഇവരുടെ ബുദ്ധിമുട്ടുകൾ കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ എത്തിച്ചത്. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഉമ്മൻ ചാണ്ടി എയർ ആംബുലൻസിൽ വെല്ലൂർക്ക് കൊണ്ട് പോകുന്നതിന്റെ സാദ്ധ്യതകൾ പരിശോധിച്ചു. രാത്രി ഒൻപത് മണിയോടെ റോഡ് മാർഗ്ഗം കുട്ടിയെ വെല്ലൂരിലേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചു. തമിഴ്നാട് ആരോഗ്യ മന്ത്രി ഡോ വിജയ ഭാസ്ക്കരുമായി ഉമ്മൻ ചാണ്ടി നേരിട്ട് സംസാരിച്ചതിനെ തുടർന്ന് വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ തമിഴ്നാട് സർക്കാർ എല്ലാ ക്രമീകരണങ്ങളും ഒരുക്കി. കാഞ്ഞിരപ്പള്ളി സ്വദേശിയായ സൂരജ് മാത്യുവാണ് ഈ ജീവൻ മരണ ദൗത്യം ഏറ്റെടുത്ത് അതിവേഗം കുട്ടിയെ വെല്ലൂരിൽ എത്തിച്ചത്.
രാത്രി പത്ത് മണിക്ക് പുറപ്പെട്ട ആബുലൻസ് പിറ്റേന്ന് രാവിലെ ഏഴു മണിക്ക് വെല്ലൂരിൽ എത്തി. രാത്രി മുഴുവൻ ഉറങ്ങാതെ ഉമ്മൻ ചാണ്ടി ഇവരെല്ലാവരുമായി നേരിട്ട് കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. വാളയാർ ചെക്ക് പോസ്റ്റ് മുതൽ കോയമ്പത്തൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് കുട്ടിയെ വെല്ലൂരിൽ എത്തിച്ചത്. കുട്ടിയുടെ മാതാപിതാക്കളായ ജോർജിനെയും ടീനയെയും കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂറോ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയെ ഡോക്ടർ കൂടിയായ തമിഴ്നാട് ആരോഗ്യ മന്ത്രി വിജയ് ഭാസ്കരറിന്റെ നിർദേശാനുസരണം ന്യൂറോ വിഭാഗം തലവനായ ഡോ ബൈലിസ് വിവേക്, രഞ്ജിത്ത് കെ മൂർത്തി എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സിക്കുന്നത്.
Post Your Comments