റാന്‍ ഒഫ് കച്ച്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാന് സ്വദേശിയായ തന്റെ കാമുകിയെ കാണാനായി ഇന്ത്യ-പാക് അതിര്‍ത്തി മുറിച്ച് കടക്കാന്‍ ശ്രമിച്ച് യുവാവ്. ആവശ്യത്തിന് വെള്ളം പോലും കുടിക്കാതെ ഗുജറാത്തിലെ റാന്‍ ഒഫ് കച്ചിലുള്ള അതിര്‍ത്തി പ്രദേശത്തായി ബോധം മറഞ്ഞ് വീണുകിടന്ന യുവാവിനെ ഒടുക്കം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്(ബി.എസ്.എഫ്) ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ നിന്നും സൈക്കിള്‍ ചവിട്ടി റാന്‍ ഒഫ് കച്ചിലേക്ക് എത്തിയ ഇയാളെ കാണാതായെന്ന് കാട്ടി മാതാപിതാക്കള്‍ മഹാരാഷ്ട്ര പൊലീസിന് പരാതി നല്‍കിയിരുന്നു.
മഹാരാഷ്ട്ര പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ബി.എസ്.എഫ് ഇയാളെ തേടിയിറങ്ങിയത്. ഒടുവില്‍ മുഹമ്മദ് ധോളാവീരയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബി.എസ്.എഫ് ഇയാളെ കണ്ടെത്തുന്നത്. മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് സ്വദേശിയായ സിദ്ദിഖി മുഹമ്മദ് സിഷാന് എന്ന ഈ ഇരുപതുകാരന് ഫേസ്ബുക്ക് വഴിയാണ് പാകിസ്ഥാന്‍കാരിയായ യുവതിയെ ആദ്യമായി പരിചയപ്പെടുന്നത്. ശേഷം, പ്രണയത്തിലായ ഇവര്‍ വാട്സാപ്പിലൂടെ തങ്ങളുടെ ബന്ധം ശക്തമാക്കി.
പിന്നീടാണ് നേരിട്ട് തന്റെ കാമുകിയെ കാണണമെന്ന ആഗ്രഹം യുവാവില്‍ കലശലായത്. ഒടുവില്‍ ഗൂഗിള്‍ മാപ്പ്സിന്റെ സഹായത്തോടെ കാമുകിയെ കാണാന്‍ തന്നെ ചെറുപ്പക്കാരന് തീരുമാനിക്കുകയായിരുന്നു. പക്ഷെ, തന്റെ ഈ ഉദ്യമത്തില്‍, ആവശ്യമായ വെള്ളമോ ഭക്ഷണമോ കരുതാന്‍ യുവാവ് വിട്ടുപോയി. കൂടുതല്‍ അന്വേഷണത്തിനായി ബി.എസ്.എഫ് ഇയാളെ മഹാരാഷ്ട്ര പൊലീസിന് കൈമാറിയിട്ടുണ്ട്.
Post Your Comments