ധാക്ക : ആറായിരത്തിലധികം പേര്‍ക്ക് കോവിഡ് പരിശോധന നടത്താതെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ആശുപത്രി ഉടമയെ ബംഗ്ലാദേശ് ആക്ഷന്‍ ബറ്റാലിയന്‍ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ അതിര്‍ത്തിയിലെ ഒരു നദിക്കരയില്‍ വെച്ചാണ് മുഹമ്മദ് ഷഹ്ദി (42) നെ പിടികൂടിയത്. പര്‍ദധരിച്ചാണ് ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചത്. ആളുകളില്‍ നിന്ന് പണം ഈടാക്കാതെ ടെസ്റ്റ് നടത്താമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കിയ ശേഷം പണം ഈടാക്കിയാണ് ഇയാൾ പരിശോധന നടത്തിയത്.
ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ 12 പേര്‍ കൂടി ബംഗ്ലാദേശില്‍ അറസ്റ്റിലായിട്ടുണ്ട്.
കോവിഡ് രൂക്ഷമായിരുന്ന രാജ്യത്ത് ഇവരുടെ വ്യാജ പരിശോധനാ ഫലം ജനം വിശ്വസിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതൽ രൂക്ഷമാക്കിയെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. മുഹമ്മദ് ഷഹ്ദിന്റെ ആശുപത്രിയിൽ 10,500 കോവിഡ് പരിശോധനയാണ് നടത്തിയത്. അതില്‍ 4200 എണ്ണം കൃത്യമായി പരിശോധിച്ചു. ബാക്കിയുള്ള 6,300 എണ്ണം പരിശോധിക്കാതെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയായിരുന്നു. സൗജന്യ ചികിത്സ നല്‍കുമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കിയ ശേഷം പണം ഈടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. അതില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം ആയിരക്കണക്കിന് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ധാക്കയിലെ മറ്റൊരു വനിതാ ഡോക്ടറും ഭര്‍ത്താവും അറസ്റ്റിലായി. ഇവരുടെ ഉടമസ്ഥതയിലുള്ള ലാബില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശി തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. ധാക്കയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ചെല്ലുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതോടെ പല രാജ്യങ്ങളും വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. ബംഗ്ലാദേശില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഇറ്റലിയില്‍ ചെന്ന പലര്‍ക്കും അവിടുത്തെ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു.അതിനാല്‍ കോവിഡ് പരിശോധനയുടെയും ലാബുകളുടെയും സുതാര്യത സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അല്ലെങ്കില്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ നേതാവ് ഷക്കീറുള്‍ ഇസ്‌ലാം പറഞ്ഞു.
രാജ്യത്ത് ഇതുവരെ 1,93,000 പേര്‍ക്ക് രോഗം പിടിപെട്ടു. 2,457 പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
Post Your Comments