ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികൾക്കെതിരെ ലോകം ഒന്നടങ്കം പ്രതിഷേധം നടക്കുകയാണ്. ചൈനീസ് ആപ്പുകൾ നിരോധിക്കണമെന്നാണ് മിക്ക രാജ്യങ്ങളിലും ആവശ്യമുയരുന്നത്. ജനപ്രിയ സ്മാർട് ഫോൺ വിഡിയോ ആപ്ലിക്കേഷനായ ടിക് ടോക് ഉടൻ തന്നെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹോർ ഹൈക്കോടതിയിൽ ഹർജി നൽകി കഴിഞ്ഞു..
ചൈനീസ് ടിക്ടോക്കിനെതിരെ കോടതിയിൽ ഹർജി നൽകിയതായി ദി ഡോൺ റിപ്പോർട്ട് ചെയ്തു. ഒരു പൗരനുവേണ്ടി അഭിഭാഷകൻ നദീം സർവർ ആണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ടിക് ടോക്കിനെതിരായ പ്രധാന നിവേദനം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും ഇക്കാര്യത്തിനു വലിയ പ്രാധാന്യമുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.
ടിക്ടോക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ രാജ്യത്ത് പത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. മാത്രമല്ല, വിഡിയോ ഷെയറിങ് ആപ്ലിക്കേഷൻ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രശസ്തിക്കും റേറ്റിങ്ങിനും വേണ്ടി അശ്ലീലം പ്രചരിപ്പിക്കുന്നതിനുള്ള ഒരു സ്രോതസ്സായി ടിക്ടോക് മാറിയെന്നും അദ്ദേഹം ആരോപിച്ചു.
ടിക് ടോക്കിൽ പരിചയപ്പെട്ട ഒരു കൂട്ടം സുഹൃത്തുക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. വിഡിയോ ആപ്ലിക്കേഷൻ ആധുനിക ലോകത്തെ വലിയ ദുരന്തമാണെന്ന് അദ്ദേഹം വാദിച്ചു. സമാനമായ കേസ് ബംഗ്ലാദേശിലും മലേഷ്യയിലും ഇതിനകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിക്ടോക്കിലെ അശ്ലീല വിഡിയോകൾ യുവജനതയെ വഴിതെറ്റിക്കുമെന്നാണ് മിക്കവരും വാദിക്കുന്നത്..
Post Your Comments