Latest NewsKeralaIndia

സ്വര്‍ണക്കടത്ത്‌ കേസില്‍ കസ്‌റ്റംസിന്റെ അന്വേഷണം അവസാനഘട്ടത്തില്‍, ഇനി അന്വേഷണം എൻഐഎയ്ക്ക്

സംസ്‌ഥാനത്തെ സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകര്‍ സന്ദീപ്‌ നായരും കെ.ടി. റമീസുമെന്നാണു കസ്‌റ്റംസിന്റെ കണ്ടെത്തല്‍.

മലപ്പുറം : സ്വര്‍ണക്കടത്ത്‌ കേസില്‍ കസ്‌റ്റംസിന്റെ അന്വേഷണം അവസാനഘട്ടത്തില്‍. എന്നാല്‍, എന്‍.ഐ.എ. അന്വേഷണം ഉന്നതരിലേക്കു നീണ്ടേക്കുമെന്നു സൂചന. സ്വര്‍ണം പോയ വഴിയന്വേഷിച്ച കസ്‌റ്റംസിന്റെ അന്വേഷണം ചില ജൂവലറികളില്‍ എത്തിനില്‍ക്കുകയാണ്‌. സ്വര്‍ണക്കടത്തിനു പണം മുടക്കുന്നവരെ കണ്ടെത്തുന്നത്‌ എ.എം. ജലാലും സന്ദീപും റമീസും ചേര്‍ന്ന്‌. സ്വര്‍ണം വില്‍ക്കുന്നതും പണം മുടക്കിയവര്‍ക്കു ലാഭവിഹിതം നല്‍കുന്നതും ജലാല്‍.  സംസ്‌ഥാനത്തെ സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകര്‍ സന്ദീപ്‌ നായരും കെ.ടി. റമീസുമെന്നാണു കസ്‌റ്റംസിന്റെ കണ്ടെത്തല്‍.

ഒന്നാംപ്രതി പി.എസ്‌. സരിത്തും രണ്ടാംപ്രതി സ്വപ്‌ന സുരേഷും കാരിയര്‍മാര്‍ മാത്രമെന്നും കസ്‌റ്റംസ്‌ പറയുന്നു. കള്ളക്കടത്തു സ്വര്‍ണം പോയവഴിയിലെ തീവ്രവാദ-ഹവാല ബന്ധങ്ങളെപ്പറ്റിയുള്ള ഊര്‍ജിത അന്വേഷണത്തിലാണ്‌ എന്‍.ഐ.എ. മലബാറില്‍ വേരുപിടിച്ചിരിക്കുന്ന കള്ളക്കടത്ത്‌ അധോലോകത്തെപ്പറ്റിയുള്ള സൂചനകളുടെ പിന്നാലെയാണ്‌ അവര്‍.അതേസമയം, കോണ്‍സുലേറ്റ്‌ സ്വര്‍ണക്കടത്ത്‌ കേസില്‍ രണ്ട്‌ മലപ്പുറം സ്വദേശികള്‍കൂടി അറസ്‌റ്റിലായി.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പരിസരവാസികളായ ഐക്കരപ്പടി വെണ്ണായൂര്‍ പന്നിക്കോട്ടില്‍ പി. മുഹമ്മദ്‌ ഷാഫി (37), കൊണ്ടോട്ടി കാളോത്ത്‌ ഒന്നാം മൈലില്‍ അംജത്‌ അലി (51) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. സ്വര്‍ണം കടത്താനുപയോഗിച്ച അംജത്‌ അലിയുടെ കാര്‍ കസ്‌റ്റഡിയിലെടുത്തു.സ്വര്‍ണക്കടത്തിനു പണമിറക്കിയവരില്‍ അലിയും മുഹമ്മദ്‌ ഷാഫിയുമുണ്ട്‌.നെടുമ്പാശേരി സ്വര്‍ണക്കടത്ത്‌ കേസില്‍ ഉള്‍പ്പെട്ട മൂവാറ്റുപുഴ സംഘത്തിലെ പ്രധാനി ഫൈസല്‍ ഫരീദിനു നയതന്ത്ര സ്വര്‍ണക്കടത്തിലും സുപ്രധാനപങ്കുണ്ട്‌. ഗള്‍ഫില്‍നിന്നു സ്വര്‍ണം കയറ്റിവിടുന്നതു ഫൈസലാണ്‌. എന്നാല്‍, ഇയാളെ കണ്ടെത്താനായിട്ടില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരുന്ന ആൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; നില ഗുരുതരം

റമീസും ഒട്ടേറെ കള്ളക്കടത്ത്‌ കേസുകളില്‍ പ്രതിയായ നബീല്‍ അബ്‌ദുള്‍ ഖാദറും സുഹൃത്തുക്കളാണ്‌. നബീലിനുവേണ്ടി പന്ത്രണ്ടോളം തവണ നയതന്ത്ര പാഴ്‌സലുകളില്‍ സ്വര്‍ണം കടത്തിയിട്ടുണ്ട്‌. എന്നാല്‍ ചോദ്യം ചെയ്യലില്‍ ആരും നബീലിനെ പരാമര്‍ശിച്ചില്ല. നയതന്ത്ര പാഴ്‌സല്‍ സംവിധാനം ഒന്നരവര്‍ഷമായി ദുരുപയോഗിക്കുന്നുവെന്നാണു നിഗമനം. പെരിന്തല്‍മണ്ണ സ്വദേശി റമീസ്‌ ഉള്‍പ്പെടെയുള്ള ഇടനിലക്കാര്‍ മുഖേനയാണു സ്വര്‍ണം കൈമാറുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button