COVID 19Latest NewsKeralaNews

ആശുപത്രിയില്‍ രോഗത്തോട് മല്ലിട്ട് കഴിഞ്ഞത് 50 ദിനങ്ങള്‍ : കരളുറപ്പോടെ കോവിഡിനെ തോല്‍പിച്ച് മുഹമ്മദ് അസറുദ്ദീന്‍

കാസർഗോഡ് • കോവിഡ് ബാധിച്ച് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന 50 ദിനങ്ങള്‍ തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്ന് 26 കാരനായ മുഹമ്മദ് അസറുദ്ദീന്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഓരോതവണയും കോവിഡ് പരിശോധനഫലം പോസറ്റീവായി തന്നെ തുടര്‍ന്നപ്പോള്‍ മാനസിക പിന്തുണ നല്‍കിയവരാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും നേഴ്‌സുമാരുമെന്ന് അസറുദ്ദീന്റെ ജീവിതം സാക്ഷ്യപ്പെടുന്നു. മഹാരാഷ്ട്രയില്‍ നിന്നെത്തിയ അസറുദ്ദീന് മെയ് 25 നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് 50 ദിനങ്ങളാണ് രോഗത്തോട് മല്ലടിച്ച് അസറുദ്ദീന്‍ ആശുപത്രിയില്‍ കഴിഞ്ഞത്.

ഇതിനിടയില്‍ 13 തവണ പി സി ആര്‍ ടെസ്റ്റും ഒരു തവണ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും നടത്തി. ഒപ്പം രോഗം ബാധിച്ച മുഴുവന്‍ പേരും രോഗവിമുക്തനായിട്ടും, രോഗവിമുക്തനാകാന്‍ സാധിക്കാത്തത് പരിഭ്രമം കൂട്ടിയെന്ന് അസറുദ്ദീന്‍ പറയുന്നു. തന്റെ പ്രയാസം മനസിലാക്കിയ ഡോക്ടര്‍മാരും നേഴ്‌സുമാരും ശുഭകരമായ കാര്യങ്ങള്‍ പറഞ്ഞുതരുകയും ജീവിതത്തെ പോസറ്റീവായി സമീപിക്കാന്‍ പഠിപ്പിക്കുകയും ചെയ്തു. അങ്ങനെ ജൂലൈ 13 നാണ് കുമ്പള താഴകൊടിയമ്മ സ്വദേശിയയായ അസറുദ്ദീന്‍ രോഗവിമുക്തനായി ആശുപത്രി വിട്ടത്.

ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിന് മഹാരാഷ്ട്രയില്‍ പോയതായിരുന്നു മുഹമ്മദ് അസറുദ്ദീന്‍. അതിനിടയ്ക്ക് ലോക്ഡൗണ്‍ വന്നതോടെ മഹാരാഷ്ട്രയില്‍ കുടുങ്ങി. മെയ് 18 ന് നാട്ടുകാരായ 12 പേരോടെപ്പം ട്രാവലറില്‍ മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലെത്തി . തുടര്‍ന്ന് കാസര്‍കോട് ലോഡ്ജില്‍ ക്വാറന്റൈയിനില്‍ കഴിഞ്ഞു. ഇതിനിടയിലാണ് രോഗം സ്ഥിരീകരിച്ചത്. ‘നമ്മുടെ നാട് സ്വര്‍ഗ്ഗം തന്നെയാണ്.ഇവിടെ കൃത്യമായ ബോധവല്‍കരണവും രോഗിപരിചരണവുമുണ്ട്. എന്നാല്‍ മഹാരാഷ്ട്രയില്‍ സ്ഥിതി വ്യത്യസ്തമാണ്.

രോഗം മൂര്‍ച്ഛിച്ച് നില്‍ക്കുമ്പോഴും അവിടുത്തുകാര്‍ ഇതിനെകുറിച്ച് ബോധവാന്‍മാര്‍ അല്ല എന്നതാണ് ദു:ഖകരമായ വസ്തുത’ അസറുദ്ദീന്‍ പറയുന്നു.

‘നാം കാരണം മറ്റുള്ളവരിലേക്ക് രോഗം പകരാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.വ്യക്തി ശുചിത്വം പാലിച്ചും മാസ്‌ക് ഉപയോഗിച്ചും സാമൂഹ്യ അകലം പാലിച്ചു വേണം കോവിഡിനെതിരെ പടപെരുതാന്‍. കോവിഡ് നിസ്സാരകാരനെല്ലാന്നാണ് സമീപകാല സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുന്നത്.അതി്‌നാല്‍ കര്‍ശനമായ ജാഗ്രത കൂടിയേ തീരുവെന്ന്’ അസറുദ്ദീന്‍ പറയുന്നു.രോഗവിമുക്തനായ അസറുദ്ദീന്‍ 14 ദിവസത്തെ റൂം ക്വാറന്റൈയിനിലാണ് ഇപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button