തിരുവനന്തപുരം • സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കവേ തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെ ഇന്ത്യ വിട്ടതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തുകേസ് അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അറ്റാഷെ ഇന്ത്യ വിട്ട സംഭവത്തില്‍ ഡി.വൈ.എഫ്.ഐയും എം.ബി രാജേഷും എ.എ റഹീമും അടക്കമുള്ള സിപിഎം നേതാക്കള്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയും കേന്ദ്ര സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി വിമര്‍ശിക്കുമ്പോഴാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.
സ്വപ്നയുടെ വ്യാജസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പൊലിസ് അന്വേഷണം തുടരും. ഐ.ടി മേഖലയിലെ നിയമനങ്ങള്‍ പരിശോധിക്കണമെന്ന ശുപാര്‍ശയും അംഗീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സ്വന്തം രാജ്യത്തേക്കു മടങ്ങിപ്പോകുന്നതില്‍നിന്ന് അറ്റാഷെയ തടയാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അറ്റാഷെ മടങ്ങി പോകുന്നതു വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതുമില്ല. എന്നാല്‍ തിരുവനന്തപുരത്തെ അറ്റാഷെയെ മടക്കി വിളിക്കുന്നതായി യുഎഇ അറിയിച്ചിട്ടില്ല. എന്നാല്‍, അറ്റാഷെയുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യ വീണ്ടും യുഎഇയുടെ അനുമതി തേടി. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറ്റാഷെയുമായി സംസാരിച്ചു വ്യക്തത വരുത്താനാണു ശ്രമം. ഇതു സംബന്ധിച്ച് ആദ്യം നല്‍കിയ കത്തിനു യുഎഇ മറുപടി നല്‍കിയിരുന്നില്ല.
അറ്റാഷെ റാഷിദ് ഖാമിസ് ഇന്ത്യ വിട്ട സാഹചര്യത്തില്‍ ദുബായിലോ, അബുദാബിയിലോ വച്ചു ഇദ്ദേഹവുമായി സംസാരിക്കാനും ഇന്ത്യ അനുമതി തേടും. യുഎഇ സര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ ഇത്തരമൊരു കൂടിക്കാഴ്ചയ്ക്കു സാധ്യതയുള്ളൂ. ഇന്ത്യയുമായി നല്ല ബന്ധത്തിലുള്ള യുഎഇയുമായി ഇതിനായി കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുമോയെന്ന് ഇനിയും വ്യക്തമല്ല.
Post Your Comments