COVID 19KeralaLatest NewsNews

കേരളം രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ, കൂടുതൽ ജാഗ്രത വേണം

തിരുവനന്തപുരം • കേരളം കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെത്തി നിൽക്കുന്നതായും അടുത്തഘട്ടമായ സാമൂഹ്യവ്യാപനം തടയാൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാലു ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറമേനിന്നും രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് (സ്‌പൊറാഡിക്) രോഗം പകരുന്ന ഘട്ടം, ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള (ക്ലസ്റ്റേഴ്‌സ്) രോഗവ്യാപനം, വ്യാപകമായ സമൂഹവ്യാപനം എന്നിവയാണവ. ഇതിന്റെ മൂന്നാംഘട്ടമാണ് നാം നേരിടുന്നത്.

മലപ്പുറത്തും തിരുവനന്തപരത്തും മറ്റു പല ജില്ലകളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു വന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണ ശ്രമങ്ങൾ ആരംഭിച്ചിട്ട് ഇപ്പോൾ ആറുമാസത്തിലേറെയായി. ഇവിടെ മാത്രമല്ല, ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുതൽ വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. ഈ വർഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാൻ കഴിയൂ എന്നാണ് ഒരു വിലയിരുത്തൽ.

ഇത്ര ദീർഘകാലം കഠിനമായി പരിശ്രമിക്കേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകരിൽ സ്വാഭാവികമായും ഒരു തളർച്ച ഉണ്ടാവുന്നുണ്ട്. അതുപോലെ രോഗപ്രതിരോധ നടപടികളിൽ ഉദാസീനമായ സമീപനം നാട്ടുകാരിൽ ചിലരെങ്കിലും സ്വീകരിച്ചു വരുന്നുമുണ്ട്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം വർധിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന അശ്രദ്ധയാണ്. അതിനാൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോവേണ്ടതുണ്ട്.

കോവിഡിന്റെ പകർച്ച വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാദേശിക ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നത് പ്രദേശിക സർക്കാരുകളാണ്. അതത് പ്രദേശങ്ങളിലുള്ള ജനങ്ങൾ അതത് പ്രദേശങ്ങളിലെ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള നേതാക്കൻമാർ അവിടെയുണ്ട്.

പഞ്ചായത്ത് കമ്മിറ്റികളും നഗരസഭകളും ഓൺലൈൻ സംവിധാനങ്ങളിലൂടെ നിലനിൽക്കുന്ന സാഹചര്യങ്ങൾ വിലയിരുത്തണം. പ്രദേശത്ത് പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം, ഐസിഡിഎസ്, കുടുംബശ്രീ തുടങ്ങി പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരേയും പ്രവർത്തനങ്ങളിൽ ഏകോപിപ്പിക്കണം.

ജനാധിപത്യ പ്രകിയയുടെ ഏറ്റവും അടിസ്ഥാന യൂണിറ്റ് വാർഡുകളാണ് എന്നതിനാൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ വാർഡ് മെമ്പർമാർക്കും കൗൺസിലർമാർക്കുമുള്ള പങ്ക് ഏറ്റവും നിർണ്ണായകമാണ്. നമ്മുടെ മെമ്പർമാരും കൗൺസിലർമാരും അവരവരുടെ പ്രദേശത്ത് നിരന്തരമായി ഇടപെടേണ്ടതുണ്ട്. കോവിഡ് ബാധയുണ്ടാകാതിരിക്കുന്നതിനും അഥവാ ഉണ്ടായാൽ അത് പടർന്നു പിടിക്കാതിരിക്കുന്നതിനും അവരുടെ ഇടപെടൽ നിർണായകമാണ്.

രോഗികൾക്ക് വൈദ്യസഹായം എത്തിക്കുക, രോഗികളെ മാറ്റിപാർപ്പിക്കേണ്ടി വന്നാൽ അതിനുള്ള സൗകര്യമൊരുക്കുക, സമൂഹത്തിലുള്ള ഭീതി അകറ്റുക, പ്രതിരോധ മാർഗങ്ങളെപ്പറ്റി അവബോധമുണ്ടാക്കുക, പ്രായാധിക്യമുള്ളവരെയും ഇതര രോഗങ്ങളുള്ളവരെയും സാമൂഹികമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സംരക്ഷിക്കുക എന്നിവയ്ക്ക് തുടർന്നും മുൻഗണന നൽകണം. ഇതിനായി തദ്ദേശീയമായി ലഭ്യമാകുന്ന മെഡിക്കൽ ഉൾപ്പെടെയുള്ള വിഭവങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കണം. ഇത്തരത്തിലുള്ള പ്രാദേശിക മാതൃകകൾ പങ്കുവെയ്ക്കുന്നതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും വേണം. കേരളത്തിലെ ജനകീയാസൂത്രണത്തിൻറെ ശക്തി നാം ഈ കാര്യത്തിൽ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഐടിബിപി ജവാൻമാർക്ക് കോവിഡ് ബാധയുണ്ടായ സാഹചര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി ഐടിബിപി ഡയറക്ടർ ജനറലിനെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. കേരളത്തിലെ ഐടിബിപി ക്യാമ്പുകളിൽ സാമൂഹിക അകലം ഉൾപ്പെടെയുളള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഐടിബിപി ഡയറക്ടർ ജനറൽ ഉറപ്പുനൽകി.

ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുളള തീരദേശ മേഖലകളിൽ സാമൂഹിക അകലം ഉൾപ്പെടെയുളള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകൾ ജനങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡ്രോണുകൾ വിന്യസിച്ചു.

ലോക്ക്ഡൗൺ കാലത്ത് എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സന്നദ്ധസേന പ്രവർത്തകർ പൊലീസിനൊപ്പവും ആരോഗ്യപ്രവർത്തകർക്കൊപ്പവും ജോലിചെയ്യുന്നുണ്ട്. ഇത്തരം പൊലീസ് വളണ്ടിയർമാരുടെ സേവനം ഏകോപിപ്പിക്കുന്നതിന് ജില്ലകളിൽ അഡീഷണൽ എസ്പിമാരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചു. പോലീസ് വളണ്ടിയർമാരുടെ സേവനം സംബന്ധിച്ച ദൈനംദിന റിപ്പോർട്ട് നോഡൽ ഓഫീസർമാർ എല്ലാദിവസവും പൊലീസ് ആസ്ഥാനത്ത് ലഭ്യമാക്കും.

മാസ്‌ക് ധരിക്കാത്ത 5338 സംഭവങ്ങൾ സംസ്ഥാനത്ത് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ ലംഘിച്ച 13 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button