ന്യൂഡല്‍ഹി: വൈറസ് വ്യാപനം തടയുന്നതിനായി കൊവിഡ് കാലത്ത് 150 ഓളം രാജ്യങ്ങളിലേക്ക് മരുന്നെത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്ത് സമാധാനവും സ്ഥിരതയും നിലനിറുത്താന്‍ ഇന്ത്യ- യൂറോപ്യന്‍ യൂണിയനുകളുടെ പങ്കാളിത്ത്വം ഉപയോഗപ്രദമെന്ന് മോദി പറഞ്ഞു. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സമ്മിറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ജനാധിപത്യം, ബഹുസ്വരത, അന്താരാഷ്ട്ര സ്ഥാപനങ്ങളോടുള്ള ബഹുമാനം, സ്വാതന്ത്ര്യം, സുതാര്യത എന്നീ മൂല്യങ്ങള്‍ പങ്കിടുന്നവരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. നമ്മളൊരു മഹാമാരിയെ നേരിടുകയാണ്. വലിയ വെല്ലുവിളികള്‍ നമുക്ക് മുന്നിലുണ്ട്. കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ തകര്‍ച്ചയുണ്ടായെന്നും ഇതിനെ മറികടക്കാന്‍ ജനാധിപത്യ രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മോദി പറഞ്ഞു.
ഈ സമയത്ത് ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും വലിയ പങ്ക് വഹിക്കാനുണ്ട്. നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഈ മഹാമാരിയിലും തീവ്രവാദത്തിലുമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.കാലാവസ്ഥാ മാറ്റം സംബന്ധിച്ചും പ്രധാനമന്ത്രി ആശങ്കകള്‍ ഉയര്‍ത്തി. മനുഷ്യ കേന്ദ്രീകൃതമായിരിക്കണം നമ്മുടെ സമീപനങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. യൂറോപ്പില്‍ നിന്നും ഇന്ത്യ കൂടുതല്‍ നിക്ഷേപവും സാങ്കേതിക വിദ്യയും പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.
Post Your Comments