പാലാ: സ്വന്തമായി വീടെന്ന സ്വപ്നം സഫലമാകുന്നതിൻ്റെ ആദ്യഘട്ടം കരിമാക്കിൽ അംബികയും പരിയത്താനത്തു പാറയിൽ സജീനയും പിന്നിട്ടു. മീനച്ചിലാറ്റിലെ കിടങ്ങൂർ പാലത്തിൻ്റെ അടിയിൽ ഷെഡ് കെട്ടി കഴിഞ്ഞ 16 വർഷങ്ങളായി താമസിച്ചു വരികയാണ് ഇരു കുടുംബങ്ങളും. ഇവരുടെ ദുരിതം നിറഞ്ഞ ജീവിത സാഹചര്യം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മാണി സി കാപ്പൻ എം എൽ എയുടെയും സഹോദരൻ ചെറിയാൻ സി കാപ്പൻ്റെയും ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഇവരുടെ സ്വപ്നം യാഥാർത്ഥ്യമാകാൻ വഴിതെളിഞ്ഞത്. ഇവർക്ക് വീടുവയ്ക്കാൻ ചെറിയാൻ സി കാപ്പൻ 6 സെൻ്റ് സ്ഥലം സൗജന്യമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. സൗജന്യമായി വിട്ടു നൽകുന്ന ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ ഇന്നലെ പാലാ സബ് രജിസ്ട്രാർ ഓഫീസിൽ പൂർത്തീകരിച്ചു. ഇരു വീട്ടുകാർക്കുമുള്ള ആധാരം മാണി സി കാപ്പൻ എം എൽ എ കൈമാറി. മീനച്ചിൽ സബ്ബ് രജിസ്ട്രാർ ഗ്രേസി ജോൺ, ചെറിയാൻ സി കാപ്പൻ, ലിസമ്മ ചെറിയാൻ സി കാപ്പൻ, സിറിൾ സി കാപ്പൻ, അഡ്വ സിബി മാത്യു തകിടിയേൽ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് എന്നിവർ പങ്കെടുത്തു.
ഇരു കുടുംബങ്ങളുടെയും സ്ഥലം രജിസ്ട്രേഷനുള്ള തുക ചെറിയാൻ സി കാപ്പൻ സംഭാവന ചെയ്തു. ആധാരം എഴുത്ത് അഡ്വ സിബി മാത്യു തകിടിയേൽ സൗജന്യമായി നിർവ്വഹിച്ചു.
അഞ്ചു സ്കൂൾ വിദ്യാർത്ഥികളടക്കം 16 അംഗങ്ങളാണ് ഷെഡ് കെട്ടി ഇപ്പോൾ താമസിച്ചു വരുന്നത്.
സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.പിയുമായിരുന്ന പിതാവ് ചെറിയാൻ ജെ കാപ്പൻ്റെയും മാതാവ് ത്രേസ്യാമ്മ കാപ്പൻ്റെയും സ്മരണയ്ക്കായി പാവപ്പെട്ടവർക്കു നൽകാൻ 53 സെൻ്റ് സ്ഥലം ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടിയിൽ വാങ്ങിയിട്ടുണ്ടായിരുന്നു. ഇതിൽ നിന്നാണ് 6 സെൻ്റ് നൽകുന്നത്. ഇപ്പോൾ ലഭ്യമാക്കിയ ഭൂമിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉടൻ വീടുവച്ചു നൽകുന്നതിനുള്ള നടപടികൾ സർക്കാരുമായി ആലോചിച്ചു നടപ്പാക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.
Post Your Comments