ആലപ്പുഴ: നൂറനാട് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി) ക്യാമ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും സ്വാബ് ടെസ്റ്റിന് വിധേയമാക്കുമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. ഇവരുടെ സുരക്ഷ ഉറപ്പുവരുത്താനും ചികിത്സയും നിരീക്ഷണവും ഉറപ്പാക്കാനും ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും നടപടികള്‍ എടുത്തുവരുകയാണ്.
ആകെ 350ലധികം ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം 118 പേരുടെ സ്വാബ് എടുത്ത് പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പ് 92 പേരുടെ സ്വാബ് പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു. പരിശോധയില്‍ കോവിഡ് 19 പോസിറ്റീവ് ആയവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നെഗറ്റീവ് ആകുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതിന് ജില്ല ഭരണകൂടം അടുത്തുള്ള മൂന്നു കെട്ടിടങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവരെ ഏറ്റെടുത്ത കെട്ടിടങ്ങളില്‍ ക്വാറന്റൈനില്‍ വയ്ക്കും. ഐ.ടി.ബി.പി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചെങ്ങന്നൂര്‍ ആര്‍.ഡി.ഓയെ ചുമതലപ്പെടുത്തിയതായി ജില്ലാകളക്ടര്‍ പറഞ്ഞു.
ഐ.ടി.ബി.പി ക്യാമ്പില്‍ കോവിഡ് ബാധിതകരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കോവിഡ് രോഗ നിയന്ത്രണത്തിന്‍റെ ഭാഗമായി നൂറനാട്, പാലമേൽ, താമരക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും ലാർജ് ക്ലസ്റ്റർ / കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
Post Your Comments