കൊച്ചി: ലോക്ക് ഡൗൺ കാലത്തെ അതിജീവിച്ചു സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര കാർത്തിക ദീപം ജൂലൈ 13, തിങ്കളാഴ്ച മുതൽ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ടിന് പരമ്പര സീ കേരളത്തിൽ സംപ്രേഷണം ചെയ്യും. മലയാളികളുടെ പ്രിയ താരങ്ങൾ അണിനിരക്കുന്ന പരമ്പരയിൽ സ്നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളക്ക് ശേഷം മിനി സ്ക്രീനിലേക്ക് തിരികയെത്തുന്ന പ്രമുഖ സിനിമ സീരിയൽ താരം യദു കൃഷ്ണൻ ഒരു പ്രധാന വേഷത്തിലെത്തുന്ന സീരിയൽ കൂടിയാണ് കാർത്തിക ദീപം.
അപ്രതീക്ഷിതമായ ഒരപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥയാകേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് കാർത്തിക ദീപം പറയുന്നത്. കണ്ണൻ എന്ന മനുഷ്യൻ അവളെ ഒരു സഹോദരിയെപോലെ കണ്ടു തന്റെ വീട്ടിലേക്കു കൊണ്ട് വരുന്നു. എന്നാൽ ആ വീട്ടിൽ കാർത്തികക്കു നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങൾ ചെറുതല്ല. ഓരോ പ്രതിബന്ധത്തെയും മനക്കരുത്ത് കൊണ്ട് നേരിട്ട് ജീവിതത്തിൽ വിജയിക്കാനുള്ള ഒരുക്കത്തിലാണ് കാർത്തിക.
ലോക്ക് ഡൗൺ കാലത്തു എല്ലാവിധ പ്രോട്ടോക്കോളും പാലിച്ചു സീ കേരളം ഒരുക്കിയ സീരിയൽ ആണ് കാർത്തിക ദീപം. സീരിയലിൽ കാർത്തികയുടെ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സ്നിഷ ചന്ദ്രൻ സ്റ്റൈലിലും ശീലത്തിലും തനിക്ക് സമാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ സന്തോഷം പങ്കു വെച്ചു. ഏറെ പ്രതീക്ഷ നൽകുന്ന കഥാപാത്രമാണ് കാർത്തികയുടേതെന്നും അവർ പറഞ്ഞു.
കാർത്തിക ദീപത്തിനായി പ്രമുഖ സംഗീത സംവിധായകൻ ഒരുക്കിയ ശീർഷക ഗാനം ഇതിനോടകം തന്നെ ഹിറ്റ് ആണ്. അയ്യപ്പനും കോശിയും സിനിമയിലൂടെ പ്രക്ഷകഹൃദയങ്ങളിൽ സ്ഥാനം പിടിച്ച അട്ടപ്പാടി സ്വദേശി നഞ്ചമ്മയും ഗായിക വൈക്കം വിജയലക്ഷ്മിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ മലയാള മിനി സ്‌ക്രീനിലേക്കുള്ള അരങ്ങേറ്റവും ഈ ഗാനത്തിലൂടെയാണ്.
Post Your Comments