COVID 19KeralaLatest NewsNews

കേരളത്തിലെ മറ്റ് വലിയ നഗരങ്ങളിലും കോവിഡ് സൂപ്പര്‍സ്‌പ്രെഡിന് സാധ്യതയെന്ന് ഐഎംഎ

തിരുവനന്തപുരം : കേരളത്തിലെ മറ്റു വലിയ നഗരങ്ങളിലും കോവിഡ് സൂപ്പര്‍ സ്പ്രെഡ് വരാനിരിക്കുന്നുവെന്ന് ഐഎംഎ ( ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) മുന്നറിയിപ്പ്. ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്തുവെന്നും വളരെ അപകടകരമായ സാഹചര്യമാണിതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. പി. ഗോപകുമാറും വ്യക്തമാക്കി.

മുമ്പിൽ വരുന്ന ഓരോരുത്തരും പോസിറ്റീവ് ആണെന്ന് കരുതി മുൻകരുതൽ എടുക്കണം. രോഗവ്യാപനം വളരെ അധികം കൂടുകയാണ്. എന്നിട്ടും,ലോക്ക് ഡൌൺ ഇളവുകൾ ആളുകൾ ദുരുപയോഗം ചെയ്തു. സാമൂഹിക അകലം ഒരിടത്തും പാലിക്കുന്നില്ല. ഇപ്പോഴത്തെ ചുറ്റുപാടിൽ രോഗത്തെ അതിജീവിക്കാൻ കഴിയില്ല. അത്ര മോശമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് ജനങ്ങൾ ഉൾക്കൊള്ളുന്നില്ലെന്നും ഐഎംഎ പറഞ്ഞു.

സംസ്ഥാനത്ത് കൂടുതല്‍ തീവ്ര രോഗവ്യാപനമുള്ള ക്ലാസ്റ്ററുകള്‍ ഉണ്ടാകും. അതാണ് തലസ്ഥാന നഗരിയില്‍ കാണുന്നത്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കൂട്ടി രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ആളുകള്‍ കൂട്ടംകൂടുന്ന സാഹചര്യം, ചെറിയ മുറികളില്‍ കൂടുതല്‍ പേര്‍ തിങ്ങിത്താമസിക്കുന്ന അവസ്ഥ, വായുസഞ്ചാരം കുറഞ്ഞ മുറികള്‍, ശുചിത്വക്കുറവ് ഇവയെല്ലാം രോഗവ്യാപനം രൂക്ഷമാക്കും.പൂന്തുറ അടക്കമുള്ള സ്ഥലങ്ങളിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണം. ഐസിഎംആർ മാർഗരേഖ അനുസരിച്ച് സ്വകാര്യമേഖലയില്‍ കൂടുതല്‍ ടെസ്റ്റ് ചെയ്യാനുള്ള സാധ്യതകളുണ്ട്. അത് പ്രയോജനപ്പെടുത്തണമെന്നും ഐഎംഎ ഭാരവാഹികൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button