COVID 19Latest NewsKeralaNews

കോവിഡ് പ്രതിരോധം: നിർദേശങ്ങൾ പാലിക്കണം, നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം- മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം • കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഗുരുതരമായ സാഹചര്യമാണുള്ളത്. എല്ലാവരുടേയും ഭഗീരഥപ്രയത്‌നത്തിലൂടെയാണ് രോഗവ്യാപനം പരമാവധി തടയാനും മരണനിരക്ക് കുറയ്ക്കാനും നമുക്കായത്. ഇത്തരത്തിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് തലസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നത്.

പൂന്തുറയിലും ചുറ്റുപാടും ജൂലൈ ആറിനു ശേഷം 1192 പരിശോധനകൾ നടത്തിയതിൽ 243 പേർക്ക് കോവിഡ് പോസിറ്റീവായ സാഹചര്യം നാം മനസിലാക്കണം. നിയന്ത്രണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും രോഗം നിയന്ത്രണ വിധേയമാക്കാൻ ഇതാവശ്യമാണ്. അതുകൊണ്ടു തന്നെ നിയന്ത്രണം ലംഘിച്ച് തെരുവിൽ ഇറങ്ങുന്നത് അപകടകരമാണെന്ന് തിരിച്ചറിയണം.പൂന്തുറ മേഖലയിൽ 31, 985 പേർ ഉള്ളതിൽ 5611 പേർ പ്രായമേറിയവരും 2250 പേർ അഞ്ചു വയസിൽ താഴെയുള്ളവരുമാണ് എന്നത് ഓർക്കണം.

ലോക് ഡൗൺ പ്രഖ്യാപിച്ചശേഷം എല്ലാ വകുപ്പുകളും അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 10 ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുന്നുണ്ട്. വളണ്ടിയർമാർ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ വാനിൽ മരുന്നും മറ്റും എത്തിക്കുന്നതുൾപ്പെടെ കൂടുതൽ സൗകര്യങ്ങൾ പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ട്. സൗജന്യ റേഷൻ കൊടുക്കാനായി. വനിതാ ശിശു വികസന വകുപ്പ് ന്യൂട്രീഷൻ കിറ്റ് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. പരിമിതികൾ മറികടന്ന് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.പരിശോധനയുടെ ഭാഗമായി ആന്റിജൻ ടെസ്റ്റ് നടത്തുന്നത് അതിവേഗം ഫലം ലഭിക്കാനാണ്. പി.സി. ആർ ടെസ്റ്റിന് സമാനമാണിതും. വേഗം ഫലം ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നതിന് പകരം അവരെ തടയുന്ന നില വരരുത്. വിലക്കുകൾ ലംഘിച്ച് തെരുവിൽ വരുന്നത് ഭയാനകമാണ്. ലക്ഷണങ്ങളില്ലാത്തവർക്കും രോഗം ഉള്ളതായി കണ്ടെത്തുന്ന സാഹചര്യമാണ്. ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹരിക്കാനാണ് ശ്രമം. ജനങ്ങളുടെ സഹകരണം ഉണ്ടായാലേ രോഗവ്യാപനം തടയാനാകൂവെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button