മലപ്പുറം: പൊലീസിൻ്റെ പിടികിട്ടാപുള്ളി പട്ടികയിയിലെ പ്രമുഖൻ അബ്ദുൾ അസീസ് എന്ന അറബി അസീസ് കഞ്ചാവുമായി പിടിയിൽ. രണ്ടര കിലോ കഞ്ചാവ് ആണ് അസീസിൽ നിന്നും കൊണ്ടോട്ടി സിഐ കെ എം ബിജുവും സംഘവും പിടിച്ചെടുത്തത്. അസീസിനൊപ്പം പിടിയിൽ കൂട്ടാളി ഒതായി സ്വദേശി പള്ളിപ്പുറത്ത് ഹനീഫയും പിടിയിലായി. ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കഞ്ചാവ് തൂക്കി വിൽക്കാൻ ഉപയോഗിച്ച ത്രാസും കണ്ടെടുത്തു.കൊണ്ടോട്ടി തഹസിൽദാർ പി യു ഉണ്ണികൃഷ്ണന്‍റെ സാന്നിധ്യത്തിലായിരുന്നു പൊലീസ് നടപടികൾ.
രണ്ടര കിലോ കഞ്ചാവുമായി നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ അബ്ദുൾ അസീസ് എന്ന അറബി അസീസിനെ കൊണ്ടോട്ടി പൊലീസ് പിടികൂടി. അബ്ദുൽ അസീസ് എന്ന അറബി അസീസ് പൊലീസിൻ്റെ പിടികിട്ടാപുള്ളി പട്ടികയിയിലെ പ്രമുഖൻ ആണ്. മുൻപ് തട്ടിപ്പ്, പിടിച്ചുപറി, ഗുണ്ടാ കേസുകളിൽ പെട്ട അസീസിനെ പോലീസ് വലയിലാക്കിയത് കഞ്ചാവ് കടത്തിയ കുറ്റത്തിനാണ്.രണ്ടര കിലോ കഞ്ചാവ് ആണ് അസീസിൽ നിന്നും കൊണ്ടോട്ടി സിഐ കെ എം ബിജുവും സംഘവും പിടിച്ചെടുത്തത്.
പിടിയിലായ അസീസിൻ്റെ പേരിൽ ജില്ലക്കകത്തും പുറത്തുമായി വിവിധ സ്റ്റേഷനുകളിൽ പിടിച്ചുപറി, തട്ടികൊണ്ടു പോകൽ, ബലാത്സംഗം തുടങ്ങിയവയ്ക്ക് ഒപ്പം 10 ഓളം കഞ്ചാവ് കേസുകളുമുണ്ട്. ഇയാളെയും കൂട്ടാളിയേയും തമിഴ്നാട് മധുരയിൽ 20 കിലോ കഞ്ചാവുമായി കഴിഞ്ഞ വർഷം പിടികൂടിയിരുന്നു. എന്നാൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയുമുണ്ടായി. ഇയാളുടെ കീഴിൽ ചെറുപ്പക്കാരായ യുവാക്കളുടെ ഒരു സംഘം തന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരാണ് കഞ്ചാവ് കടത്തുന്ന വാഹനങ്ങൾക്ക് ബൈക്കിൽ എസ് കോർട്ടും പൈലറ്റും പോകുന്നത്. ഇവരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ആദ്യ കാലങ്ങളിൽ സമ്പന്നൻ ആയ അറബിയിൽ നിന്നും സാമ്പത്തിക സഹായം മേടിച്ച് നൽകാം എന്നു പറഞ്ഞ് തട്ടിപ്പ് നടത്തി സ്വർണ്ണം കവർച്ച ചെയ്തിരുന്നതാണ് അസീസിൻ്റെ രീതി. അറബി കാണുമ്പോൾ സ്വർണ്ണം പാടില്ല എന്നുപറഞ്ഞ് സ്ത്രീകളിൽ നിന്നുംസ്വർണം ഊരി വാങ്ങും. പിന്നീട് അതുമായി മുങ്ങും. പല സ്ത്രീകളെ തന്നെ ഇയാൾ ലൈംഗികമായി ഉപയോഗിക്കുകയും പിന്നീട് അവരിൽ നിന്നും സ്വർണം തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ സ്ത്രീകളെയാണ് അറബിയിൽ നിന്നും സഹായം ലഭിക്കും എന്നു പറഞ്ഞ് ഇയാൾ കൊണ്ടുവന്നിരുന്നത്.
ഇടക്കാലത്ത് ഈ തട്ടിപ്പ് നിർത്തി ഇയാൾ ലഹരി കച്ചവടത്തിലേക്ക് മാറി. പിന്നീട് ലഹരി വസ്തുക്കളുടെ മൊത്ത കച്ചവട ഇടനിലക്കാരൻ ആയി.ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ആർഭാട ജീവിതമാണ് നയിച്ചിരുന്നത്. ഈ പണം ഉപയോഗിച്ച് ധാരാളം സ്വത്തു വകകളും ഇയാൾ സമ്പാദിച്ചിരുന്നതായി വിവരമുണ്ട്. അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻ്റ് ചെയ്തു. മലപ്പുറം ജില്ലാ പൊലിസ് മേധാവി യു അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി വി ഷംസ് എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സി ഐ, കെഎം ബിജു , എസ് ഐ വിനോദ് വലിയാറ്റൂർ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത് , പി. സഞ്ജീവ് എന്നിവർക്ക് പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ രാജേഷ്, മോഹനൻ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Post Your Comments