പാലക്കാട് • പാലക്കാട് ജില്ലയില്‍ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ ലിമിറ്റഡ് നാഷണല്‍ കമ്പനിയുടെ സ്റ്റോക്കിസ്റ്റായ മനോരമ റോഡില്‍ പ്രവര്‍ത്തിക്കുന്ന നൂര്‍ ഏജന്‍സീസ് സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്സ് ആക്റ്റ് പ്രകാരം ഹോള്‍സെയില്‍ വില്‍പ്പന ലൈസന്‍സില്ലാതെയാണ് സ്ഥാപനം സാനിട്ടൈസറുകള്‍ ശേഖരിച്ച് വില്‍പ്പന നടത്തിയത്. ലൈസന്‍സുകളില്ലാതെ വില്‍പ്പന നടത്തുകയും വില്‍പ്പന ലൈസന്‍സുകള്‍ ആവശ്യമില്ലെന്ന തരത്തില്‍ നിര്‍മ്മാതാക്കള്‍ വിതരണക്കാര്‍ക്ക് സന്ദേശം കൈമാറിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഏജന്‍സീസില്‍ നിന്നും നിരവധി സാനിട്ടൈസറുകളും അനുബന്ധരേഖകളും കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ കണ്ടെടുത്ത രേഖകളും മരുന്നും കോടതിയില്‍ ഹാജരാക്കും. മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷത്തില്‍ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
പരിശോധനയില്‍ നൂര്‍ ഏജന്‍സീസ് സ്ഥാപനത്തില്‍ നിന്നും ജില്ലയിലെ ചില മെഡിക്കല്‍ ഷോപ്പുകളിലേക്കും സാനിട്ടൈസര്‍ വില്‍പന നടത്തിയിട്ടുള്ളതായി കണ്ടെത്തി. ഡ്രഗ്‌സ് ലൈസന്‍സുകളില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും മരുന്ന് വാങ്ങി വില്‍ക്കുന്നത് നിയമലംഘനമായതിനാല്‍ ഇത്തരം സ്ഥാപനങ്ങളുടെ ഡ്രഗ്‌സ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്യുവാന്‍ ലൈസന്‍സിങ് അതോറിറ്റിക്ക് ശുപാര്‍ശ ചെയ്യാനും പരിശോധന സംഘം തീരുമാനിച്ചു. ജില്ലയില്‍ ലൈസന്‍സില്ലാതെ സാനിട്ടൈസറുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്ത മറ്റ് മൂന്നു സ്ഥാപനങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംശയാസ്പദമായി കണ്ടെത്തിയ വ്യത്യസ്ത കമ്പനികളുടേതായി മുപ്പതില്‍പ്പരം സാനിട്ടൈസറുകള്‍ ഗുണനിലവാര പരിശോധനക്കായി അയച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന കര്‍ശനമാക്കും. പാലക്കാട് ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ എം. സി.നിഷത്ത്, ഡഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ആര്‍ നവീന്‍, ഇ.എന്‍ ബിജിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനനടത്തിയത്.
Post Your Comments