തിരുവനന്തപുരം • മഹിളാ പ്രധാന്‍ ഏജന്‍റുമാരെ തപാല്‍ വകുപ്പിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും ഇതിനെതിരെ അടുത്ത ലോക്സഭാ സമ്മേളനത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ്സ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
ദേശീയ സമ്പാദ്യ പദ്ധതി ഇപ്പോള്‍ കേന്ദ്ര ധനകാര്യവകുപ്പിന്‍റെ പരിധിയിലാണ് നടന്നുവരുന്നത്. അതാണ് പോസ്റ്റല്‍ വകുപ്പിലേക്ക് മാറ്റാനായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷക്കണക്കിന് മഹിളാ പ്രധാന്‍ ഏജന്‍റുമാരെ വഴിയാധാരമാക്കാന്‍ പോവുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.
കേന്ദ്ര ധനകാര്യവകുപ്പും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് മഹിളാ പ്രധാന്‍ ഏജന്‍റുമാരുടെ കമ്മീഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. കേന്ദ്രം ജനവിരുദ്ധ നടപടി സ്വീകരിക്കുമ്പോള്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇതില്‍ പ്രതിഷേധിക്കാനോ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനോ തൊഴിലാളികളുടെ സര്‍ക്കാര്‍ എന്നവകാശപ്പെടുന്ന പിണറായി സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പോലെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ചെറിയ ഒരു വരുമാന മാര്‍ഗ്ഗമാണ് ദേശീയ സമ്പാദ്യ പദ്ധതി വഴി നിക്ഷേപം സ്വീകരിക്കുന്ന മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ക്ക് ലഭിക്കുന്നത്.
മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയെ സന്ദര്‍ശിച്ച് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. തപാല്‍ വകുപ്പ് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ദേശീയ സമ്പാദ്യ പദ്ധതി കൂടി തപാല്‍ വകുപ്പിലേക്ക് മാറ്റുമ്പോള്‍ മഹിളാ പ്രധാന്‍ ഏജന്‍റുമാരുടെ ഭാവി ഗതികേടിലാകുമെന്നും അത്തരം നീക്കം ഉപേക്ഷിക്കണമെന്നും കാണിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയതായും എം.പി അറിയിച്ചു.
Post Your Comments