റിയാദ് : സൗദി അറേബ്യയിൽ കോവിഡ്-19 രോഗമുക്തരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ചൊവ്വാഴ്ച 5205 പേർകൂടി രോഗമുക്തി നേടിയതോടെ ആകെ സംഖ്യ 1,54,839 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുന്നത് സൗദിയിൽ ആശ്വാസം പകരുന്നുണ്ട്.അതേസമയം 3392 പേരിൽകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ ഇതോടെ 2,17,108-ലേക്കെത്തി. 49 പേർകൂടി മരിച്ചതോടെ ആകെ മരണം 2017. നിലവിൽ 154,839 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് റിയാദിൽ നിന്നാണ്. 308 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം വേൾഡോമീറ്റർ കണക്കുപ്രകാരം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 11,941,774 ആയി ഉയർന്നിട്ടുണ്ട്. 545,652 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
എന്നാൽ യു.എ.ഇ.യിൽ ഇതുവരെ 41,714 പേർ രോഗമുക്തരായി. ചൊവ്വാഴ്ച 993 പേർകൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. 532 പേരിൽകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 52,600. രണ്ടുപേർകൂടി മരിച്ചതോടെ മരണം 326-ലെത്തി.
ഖത്തറിൽ 600 പേരിൽകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1,00,945 ആയി. ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 134 ആയി. 1005 പേർകൂടി സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ആകെ രോഗമുക്തർ 94,903.
ഒമാനിൽ ആറുപേർ രോഗംബാധിച്ച് മരിച്ചു. ആകെ മരണം 224. അതേസമയം, 1262 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 48,997-ലേക്കെത്തി. രോഗമുക്തർ 31,000.
നാലുപേർകൂടി മരിച്ചതോടെ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 377 ആയി. 601 പേരിൽകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 51,245. രോഗമുക്തർ 41,515.
ബഹ്‌റൈനിൽ 454 പേർക്കുകൂടി രോഗം റിപ്പോർട്ട് ചെയ്തു. ഒരാൾകൂടി മരിച്ചതോടെ മരണം 98 ആയി. ആകെ രോഗമുക്തർ 25,178. നിലവിൽ 4545 പേരാണ് ചികിത്സയിലുള്ളത്.
Post Your Comments