ലക്‌നൗ : കോവിഡ് ടെസ്റ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി, ടെസ്റ്റിനായി ക്യൂവില്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ചു. ലക്‌നൗവിലെ രാംമനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്യൂട്ടിലാണ് സംഭവം. 22 കാരിയായ പലക് ആണ് ട്രൂനാറ്റ് ടെസ്റ്റിനുള്ള ക്യൂവില്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ചത്. യുവതിയെയും കുഞ്ഞിനെയും ഉടന്‍ തന്നെ വാര്‍ഡിലേക്കു മാറ്റി.
പ്രസവ വേദന കലശലായതിനെ തുടര്‍ന്നാണ് പലകിനെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതെന്നും എന്നാല്‍, ആദ്യം കോവിഡ് ടെസ്റ്റ് നടത്തണമെന്നും അല്ലാതെ പരിശോധിക്കില്ലെന്നും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വാശിപിടിച്ചെന്നും ഭര്‍ത്താവ് രാമന്‍ ദീക്ഷിത് പറഞ്ഞു. കോവിഡ് ടെസ്റ്റ് നടത്താനാവശ്യമായ 1500 രൂപ പലകിന്റെ ഭര്‍ത്താവിന്റെ കയ്യിലില്ലായിരുന്നു. ട്രൂനാറ്റ് ടെസ്റ്റിനായി പലകിനെ ക്യൂവില്‍ നിര്‍ത്തി പണമെടുക്കാനായി വീട്ടിലേക്കു പോയതായിരുന്നു ഭര്‍ത്താവ്. താന്‍ തിരിച്ചെത്തിയപ്പോഴേക്കും ഭാര്യ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നുവെന്ന് രാമന്‍ ദീക്ഷിത് പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ 5 ഡോക്ടര്‍മാരോട് ജോലിയില്‍നിന്നു മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments