Latest NewsNewsIndia

ഇടിമിന്നൽ ഭീഷണിയിൽ ബിഹാർ ; പത്ത് ദിവസത്തിനിടെ മരിച്ചത് 147 പേർ

പാട്ന : കോവിഡ് ഭീതിക്കിടയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഇടിമിന്നൽ ഭീഷണിയിൽ. ബിഹാറിൽ മാത്രം കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 147 പേരാണ്. വരുംദിവസങ്ങളിലും കനത്ത മഴയും ഇടിമിന്നലും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മാർച്ച് മുതൽ 215 പേർക്കാണ് ബിഹാറിൽ ഇടിമിന്നലിൽ ജീവൻ നഷ്ടപ്പെട്ടത്. കർഷകരും കന്നുകാലി വളർത്തൽ ഉപജീവനമാക്കിയവും നിർമാണ തൊഴിലാളികളുമാണ്
മരിച്ചവരിൽ ഏറെയും.’ഇടിമിന്നൽ അപകടകരമായ രീതിയിൽ വർധിക്കാൻ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് ശാസ്ത്രജ്ഞരും കാലാവസ്ഥാ വിദഗ്ധരും അഭിപ്രായപ്പെടുന്നതെന്ന് ബിഹാർ ദുരന്ത നിവാര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ലക്ഷ്മേശ്വർ റായി പറഞ്ഞു.

ശനിയാഴ്ച മാത്രം 25 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. അടുത്ത 48 മണിക്കൂറിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മൺസൂണ്‍ കാലയളവിൽ ഇടിമിന്നൽ പതിവാണ്. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. കഴിഞ്ഞ വർഷം 170 പേരാണ് ഇടിമിന്നലേറ്റ് ആകെ മരിച്ചത്. എന്നാൽ ഇത്തവണ മൺസൂൺ തുടങ്ങി ഒരുമാസം പിന്നിട്ടപ്പോൾ തന്നെ ഈ സംഖ്യയെ മറികടന്നു. അന്തരീക്ഷ ഊഷ്മാവ് വർധിച്ചതും അധിക ഈർപ്പവുമാണ് ഇടിമിന്നലിന്റെ ശക്തിവർധിപ്പിച്ചതെന്ന് ബിഹാറിലെ കാലാവസ്ഥാ വിദഗ്ധൻ അബ്ദുസ് സത്താർ പറഞ്ഞു.

അതേസമയം മിന്നൽ മുന്നറിയിപ്പ് നൽകുന്നതിനുള്ള മൊബൈൽ ഫോൺ ആപ്പ് സംസ്ഥാനം പുറത്തിറക്കിയെങ്കിലും പാവപ്പെട്ട കർഷകർക്കാർക്കും സ്മാർട്ട്ഫോണില്ലാത്തതിനാൽ ഇത് ഫലവത്താകുന്നില്ല.അയൽ സംസ്ഥാനമായ ഉത്തർപ്രദേശിൽ ഏപ്രില്‍ മുതൽ 200ൽ അധികം പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. 2018ൽ മാത്രം 2300 പേരാണ് രാജ്യത്താകെ ഇടിമിന്നലേറ്റ് മരിച്ചതെന്നും ദേശീയ ക്രൈം റെക്കോർ‍ഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button