കഴക്കൂട്ടം: പള്ളിപ്പുറത്ത് അക്രമികള്‍ വീടുകളും വാഹനങ്ങളും അടിച്ച് തകര്‍ത്തു. വീടിന്റെ നിര്‍മ്മാണ വസ്തുക്കള്‍ ഇറക്കി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമത്തിലേക്ക് നയിച്ചത്. പള്ളിപുറം കുഴിയാലയ്ക്കല്‍ റഹ്മത്തിന്റെയും സഹോദരന്‍ മസൂദിന്റയും വീട്ടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ ആക്രമണമുണ്ടായത്.
പ്രദേശവാസികള്‍ ഉള്‍പ്പെടുന്ന പതിനഞ്ചംഗ സംഘമാണ് അക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. രണ്ട് ദിവസം മുമ്ബ് മസൂദിന്റെ വീട്ടിന്റെ നിര്‍മ്മാണാവശ്യത്തിനുള്ള ഇഷ്ടിക എത്തിയപ്പോള്‍ അയല്‍വാസികളായ രണ്ടുപേര്‍ ഗുണ്ടാ പിരിവ് ചോദിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.
വീട്ടുകാര്‍ മംഗലപുരം പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയ ശേഷമാണ് ലോഡിറക്കിയത്. ഇതിന്റെ വൈരാഗ്യത്തില്‍ ശനിയാഴ്ച ഉച്ചയ്‌ക്ക് ഇവര്‍ മസൂദിന്റെ വീട്ടില്‍ അക്രമം നടത്തിയിരുന്നു. മസൂദിനെയും ഭാര്യ സൂഫിയയെയും വീട്ടില്‍ കയറി അക്രമിച്ചു. പൊലീസെത്തിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അക്രമികളെ പേടിച്ച് മസൂദും കുടുംബവും തൊട്ടടുത്തുള്ള സഹോദരി റഹ്മത്തിന്റെ വീട്ടിലാണ് രാത്രി താമസിച്ചത്.
രാത്രി ഒരു മണിയോടു കൂടി മുഖംമൂടി ധരിച്ച് മാരകായുധങ്ങളുമായി എത്തിയ സംഘം ആദ്യം മസൂദിന്റെ വീട്ടിലെ ജനല്‍ചില്ല് തകര്‍ത്തതിന് ശേഷം സഹോദരി റഹ്മത്തിന്റെ പുതിയ വീടിന്റെ മുഴുവന്‍ ജനല്‍ചില്ലുകളും അടിച്ച് തകര്‍ത്തു. മുന്‍വശത്തെ വാതിലും കുത്തിപ്പൊളിച്ചു. പാര്‍ക്ക് ചെയ്തിരുന്ന മാരുതി കാറും രണ്ട് ബൈക്കുകളും അക്രമികള്‍ അടിച്ചുതകര്‍ത്തു. ശബ്ദം കേട്ടെത്തിയ നാട്ടുകാരെ അക്രമികള്‍ മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും സംഘം ഓടി രക്ഷപ്പെട്ടു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തു.
Post Your Comments