Latest NewsNewsInternational

ബ്യൂബോണിക് പ്ലേഗ് മുന്നറിയിപ്പുമായി ചൈന; അതീവ ജാഗ്രതാ നിര്‍ദ്ദേശം നൽകി ആരോഗ്യ അധികൃതർ

ബെയ്ജിങ് : ബ്യൂബോണിക് പ്ലേഗ് മുന്നറിയിപ്പ് നല്‍കി ചൈന. പ്ലേഗ് പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആരോഗ്യ അധികൃതർ ജാഗ്രതാനിർദേശം നൽകിയതായി പീപ്പിൾസ് ഡെയ്ലി ഓൺലൈൻ റിപ്പോർട്ട് ചെയ്തു. വടക്കന്‍ ചൈനയിലെ ഒരു നഗരത്തില്‍ രോഗലക്ഷണങ്ങളോടു കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയാൾക്ക് ബ്യൂബോണിക് പ്ലേഗാണെന്നുള്ള സംശയത്തെ തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

2020 അവസാനം വരെ മുന്നറിയിപ്പ് കാലയളവ് തുടരുമെന്നും പ്രാദേശിക ആരോഗ്യ വകുപ്പ് അറിയിച്ചു. മനുഷ്യരിൽ പ്ലേഗ് പടർന്നു പിടിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണമെന്നും രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ വിവരമറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

അതേസമയം പടിഞ്ഞാറന്‍ മംഗോളിയയിലെ ഖോവ്ഡ് പ്രവിശ്യയില്‍ ബ്യൂബോണിക് പ്ലേഗ് എന്ന സംശയക്കപ്പെട്ട രണ്ട് കേസുകള്‍ ലാബ് പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇരുപത്തിയേഴുകാരനും സഹോദരനായ പതിനേഴുകാരനുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവർ ഇപ്പോൾ ചികിത്സയിലാണ്.

എലി വർഗത്തിൽ പെട്ട മാര്‍മോത്ത് മാംസം ഭക്ഷിച്ചതിൽ നിന്നാണ് ഇവർക്ക് രോഗബാധയുണ്ടായതെന്നും മാര്‍മോത്ത് മാംസം കഴിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 146 പേർ വിവിധ ആശുപത്രികളിൽ ഐസൊലേറ്റ് ചെയ്തു.  മാര്‍മോത്ത് ഉൾപ്പെടെയുള്ള എലി വർഗത്തിൽ പെട്ട ജീവികളുടെ ശരീരത്തിലെ ഒരുതരം ചെള്ളാണ് രോഗം പരത്തുന്നത്. സമയത്തിന് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗബാധയുണ്ടായി 24 മണിക്കൂറിനകം രോഗിയുടെ മരണം സംഭവിക്കാമെന്ന് ലോകാരോഗ്യസംഘടന പറയുന്നു. പാകം ചെയ്യാത്ത മാര്‍മോത്ത് മാംസം ഭക്ഷിച്ചതിനെ തുടർന്ന് ബയാൻ-ഉൽഗി പ്രവിശ്യയിൽ ദമ്പതിമാർ ഒരു കൊല്ലം മുമ്പ് രോഗം ബാധിച്ച് മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button