ന്യൂഡല്‍ഹി: ഖാലിസ്താന്‍ ഭീകര സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ വെബ്‌സൈറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏർപ്പെടുത്തി. സിഖ് ഫോര്‍ ജസ്റ്റിസിന്റെ 40 വെബ്‌സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്താനായി രാജ്യത്തെ യുവാക്കളെ പ്രേരിപ്പിച്ചു കൊണ്ട് ഒരു ക്യാമ്പയിന്‍ സിഖ് ഫോര്‍ ജസ്റ്റിസ് ആരംഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
വിഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ സിഖ് റഫറണ്ടം 2020 എന്ന പേരിലാണ് സിഖ് ഫോര്‍ ജസ്റ്റിസ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ആദ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ഇലക്ട്രോണിക്‌സ്ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റേതാണ് നടപടി. യുഎപിഎ നിയമ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ഐടി ആക്ട് 69 എ പ്രകാരമാണ് നാല്‍പ്പത് വെബ്‌സൈറ്റുകള്‍ നിരോധിച്ചത്. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നേരത്തെ സിഖ് ഫോര്‍ ജസ്റ്റിസിനെ ആഭ്യന്തരമന്ത്രാലയം നിരോധിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം 9 ഖാലിസ്താനി വിഘടനവാദികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രാജ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ഭീകരരോട് ക്ഷമിക്കില്ലെന്ന മോദി സര്‍ക്കാരിന്റെ നിലപാടുകളും വ്യക്തമാക്കിക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 9 ഖാലിസ്താന്‍ വിഘടനവാദികളെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Post Your Comments