KeralaLatest NewsIndiaNews

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; പ്രതികളായ പൊലീസുകാർക്ക് ജയിലിൽ സഹതടവുകാരുടെ മർദ്ദനം

ചെന്നൈ : തൂത്തുക്കുടിയിൽ പിതാവിനെയും മകനെയും കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പൊലീസുകാർക്ക് ജയിലിൽ സഹതടവുകാരുടെ മർദ്ദനം. തൂത്തുക്കുടി ജില്ലയിലെ പേരൂറാനി സബ് ജയിലിലാണ് സത്താൻകുളം സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ ആക്രമണമുണ്ടായത്.

ശനിയാഴ്ച വൈകീട്ട് നാലോടെയാണ് പ്രതികൾക്കെതിരെ ജയിലിൽ ആക്രമണമുണ്ടായത്.
ജയിൽ വാർഡന്മാരെത്തി ഉദ്യോഗസ്ഥരെ രക്ഷിച്ചു. ഇവരെ മധുരൈ ജയിലിലേക്ക് മാറ്റി പാർപ്പിക്കാനാണ് ജയിലധികൃതരുടെ തീരുമാനം. പ്രതികൾ പരസ്പരം സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെ സഹതടവുകാർ ആക്രമിക്കുകയായിരുന്നാണ് ജയിൽ അധികൃതർ പറയുന്നത്.

സാത്താൻകുളത്ത് പൊലീസുകാർ പിതാവിനെയും മകനെയും കൊലപ്പെടുത്തിയതു സംബന്ധിച്ച വാർത്ത തടവുകാർ അറിഞ്ഞിരുന്നെന്നും പ്രതികളായ പൊലീസുകാർക്കെതിരെ അവർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നെന്നും അതാണ് ആക്രമണത്തിൽ കലാശിച്ചതെന്നും ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചു. ജയിൽ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് പൊലീസുകാരെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് സെല്ലിൽ എത്തിച്ചത്. ഇവരെ മധുരൈ ജയിലിലേക്ക് മാറ്റി പാർപ്പിക്കാനാണ് ജയിലധികൃതരുടെ തീരുമാനം. സാത്താൻകുളം സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീധർ, എസ്ഐമാരായ ബാലകൃഷ്ണൻ, രഘു ഗണേഷ്, കോൺസ്റ്റബിൾമാരായ മുത്തുരാജ്, മുരുകൻ എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

കസ്റ്റഡി കൊലപാതകത്തിൽ സിബിസിഐഡിയുടെയും ഐജിയുടെയും എസ്പിയുടെയും നേതൃത്തിൽ 12 അംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് എസ്.ഐ ബാലകൃഷ്ണൻ, കോൺസ്റ്റബിൾ മുരുകൻ എന്നിവർ അറസ്റ്റിലായത്.

ലോക്ഡൗൺ നിയമം ലംഘിച്ച് കട തുറന്നുവെന്ന പേരിൽ ജൂൺ 19-ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകൻ ബെന്നിക്സ് എന്നിവരാണ് പോലീസ് പീഡനത്തെ തുടർന്ന് മരിച്ചത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കളെത്തി. ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിരുന്നു. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധവും ഉയർന്നിരുന്നു.

shortlink

Post Your Comments


Back to top button