Latest NewsNewsInternational

ചൈനീസ് കടലിലേക്ക് 2 വിമാന വാഹിനികളും 4 യുദ്ധക്കപ്പലുകളും അയച്ച് യു.എസ്

വാഷിങ്ടണ്‍ : ചൈന സൈനികാഭ്യാസം തുടരുന്നതിനിടെ രണ്ട് വിമാന വാഹിനിക്കപ്പലുകളെ ദക്ഷിണ ചൈനാ കടലിലേക്ക് അയച്ച് അമേരിക്ക. വാൾസ്ട്രീറ്റ് ജേണലാണ് അമേരിക്കയുടെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു‌എസ്‌എസ് റൊണാൾഡ് റീഗൻ, യു‌എസ്‌എസ് നിമിറ്റ്‌സ് എന്നീ വിമാനവാഹനികൾ ശനിയാഴ്ച മുതൽ ദക്ഷിണ ചൈനാ കടലിലുണ്ടാകുമെന്ന് സ്‌ട്രൈക്ക് ഗ്രൂപ്പ് കമാൻഡറെ ഉദ്ധരിച്ച് യുഎസ് വാർത്താ ഏജൻസി വ്യക്തമാക്കി.

യു.എസുമായി വ്യാപാര തര്‍ക്കത്തിലും കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ചൈനക്ക് കടുത്ത സന്ദേശം നല്‍കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന. ‘പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഞങ്ങളുടെ പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും വ്യക്തമായ സൂചന കാണിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.’ യു.എസ്. റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം.വൈകോഫ് പറഞ്ഞതായി യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ അഭ്യാസപ്രകടനങ്ങള്‍ക്കുള്ള പ്രതികരണമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണ ചൈന കടലില്‍ എവിടെയാണ് യു.എസ്. അഭ്യാസപ്രകടനങ്ങള്‍ നടത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പം നാല് യുദ്ധകപ്പലുകളുമുണ്ടാകുമെന്നും കൂടാതെ ചുറ്റും യുദ്ധവിമാനങ്ങളുമുണ്ടാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പൈന്‍ കടലിലും ചൈന കടലിലും യു.എസ്. സൈനികാഭ്യാസം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിയറ്റ്‌നാമും ചൈനയും അവകശവാദം ഉന്നയിക്കുന്ന പാരസെല്‍ ദ്വീപുകള്‍ക്ക് സമീപം ജൂലായ് ഒന്നു മുതല്‍ അഞ്ച് ദിവസത്തെ അഭ്യാസപ്രകടനങ്ങള്‍ ചൈന ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ ഈ നീക്കത്തിനെതിരെ വിയറ്റ്‌നാമും ഫിലിപ്പിന്‍സും കടുത്ത വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. ദക്ഷിണ ചൈന കടലിനെ ചൈന ചെറുതാക്കുന്നുവെന്നും അയല്‍ക്കാരെ ഭയപ്പെടുത്തി വ്യാപകമായ എണ്ണ, വാതക ശേഖരം ചൂഷണം നടത്തുന്നുവെന്നും യു.എസും ആരോപണമുന്നയിക്കുകയുണ്ടായി. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് യു.എസ്. കപ്പലുകള്‍ ചൈന കടലിലേക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button