തിരുവനന്തപുരം: സൗദി അറേബ്യയില്‍ നിന്ന് കൂടുതൽ വന്ദേ ഭാരത് വിമാനങ്ങൾ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയില്‍ നിന്ന് തിരിച്ചു വരാന്‍ ശ്രമിക്കുന്നവരില്‍ അധികം പേരും ജോലി നഷ്ടപ്പെട്ടവരോ വിസയുടെ കാലാവധി കഴിഞ്ഞവരോ ഗര്‍ഭിണികളോ മറ്റു രോഗങ്ങളുള്ള വയോധികരോ ആണ്. ഇവരുടെ പ്രയാസം കണക്കിലെടുത്ത് വന്ദേഭാരത് മിഷനില്‍ സൗദി അറേബ്യയില്‍ നിന്നുള്ള വിമാനങ്ങൾ വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ 87,391 മലയാളികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, 13,535 പേര്‍ക്ക് മാത്രമാണ് ഇതുവരെ വരാന്‍ കഴിഞ്ഞത്. സൗദിയില്‍ നിന്ന് വന്ദേഭാരത് മിഷനില്‍ അനുവദിക്കപ്പെട്ട വിമാനങ്ങൾ വളരെ കുറവാണ്. വന്ദേഭാരതില്‍ ആകെ 270 വിമാനങ്ങൾ എത്തിയപ്പോൾ അതില്‍ 20 വിമാനങ്ങൾ മാത്രമാണ് സൗദിയില്‍ നിന്ന് എത്തിയത്.
Post Your Comments