മുംബൈ: സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണ് അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് ജവഹര്‍ ഏരിയയിലെ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അപകടമുണ്ടായത്. 18 നും 22 നും ഇടയില്‍ പ്രായമുള്ള അഞ്ച് യുവാക്കളാണ് മരിച്ചത്. നിമേഷ് പട്ടേല്‍, ജയ് ഭോയിര്‍, പ്രതമേഷ് ചവാന്‍, ദേവേന്ദ്ര വാഹ്, ദേവേന്ദ് ഫട്‌നാകര്‍ എന്നിവരാണ് മരിച്ചത്.
ജവഹറിലെ അംബിക ചൗക്കില്‍ നിന്നുള്ള 13 അംഗസംഘമാണ് ഉച്ചകഴിഞ്ഞ് 3.40 ഓടെ അവിടെ നിന്ന് 7 കിലോമീറ്റര്‍ അകലെ കെലിചാപട-കല്‍ഷെട്ടി പ്രദേശത്തെ കല്‍ മന്ദവി വെള്ളച്ചാട്ടത്തിലേക്ക് പോയതെന്ന് പൊലീസ് പറയുന്നു. സെല്‍ഫി എടുക്കുന്നതിനിടെ രണ്ടു പേര്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണു. ഇവരെ രക്ഷിക്കുന്നതിനായി മറ്റുള്ളവര്‍ ചാടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അഞ്ചു പേരും മുങ്ങി മരിച്ചതായി പൊലീസ് വ്യക്തമാക്കി.
സംഘത്തിലെ മറ്റുള്ളവര്‍ പരിഭ്രാന്തരായി അവരെ നോക്കിയെങ്കിലും ശക്തമായ പ്രവാഹം കാരണം ഇവരെയൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പല്‍ഘര്‍ ജില്ലയിലെ അഗ്‌നിശമന സേനയെയും ദുരന്തനിവാരണ സംഘത്തെയും പോലീസ് മുന്നറിയിപ്പ് നല്‍കി. ഒടുവില്‍ നാലുമണിക്കൂറോളം നീണ്ട തിരച്ചിലിന് ശേഷമാണ് അഞ്ച് യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ജവഹറിലെ കോട്ടേജ് ആശുപത്രിയില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇവര്‍ ഇവിടെ എത്തിയതെന്നും സംഭവസമയത്ത് യുവാക്കള്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമെ പറയാന്‍ സാധിക്കൂ എന്നും പൊലീസ് പറഞ്ഞു.
Post Your Comments