ന്യൂഡല്‍ഹി: രാജ്യാന്തരവേദികളില്‍ ഇന്ത്യക്കെതിരേ പാകിസ്‌താനെ പിന്തുണയ്‌ക്കുന്ന ചൈനയ്‌ക്ക് അതേ നാണയത്തില്‍ അമേരിക്കയുടെയും ജര്‍മനിയുടെയും തിരിച്ചടി. കഴിഞ്ഞദിവസം കറാച്ചി ഓഹരിവിപണി ആസ്‌ഥാനത്തിനു നേരേയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയെ പഴിക്കാനുള്ള ചൈന-പാക് നീക്കമാണു പൊളിഞ്ഞത്. ചൊവ്വാഴ്‌ചയാണു ചൈന പ്രമേയം കൊണ്ടുവന്നത്. ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയശേഷം അംഗീകരിക്കപ്പെട്ടത് 24 മണിക്കൂറിനുശേഷം. ഐക്യരാഷ്‌ട്ര സംഘടനാ രക്ഷാ കൗണ്‍സിലില്‍ കറാച്ചി ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തിലൂടെ ഇന്ത്യയ്‌ക്കെതിരായ നീക്കമാണു ചൈനയും പാകിസ്‌താനും ലക്ഷ്യമിട്ടത്.
കറാച്ചി ആക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയും ആരോപിച്ചിരുന്നു. ഇതേ ആരോപണം യു.എന്നിലെത്തിക്കുയായിരുന്നു ചൈനയും പാകിസ്‌താനും ലക്ഷ്യമിട്ടത്. കറാച്ചി ആക്രമണത്തില്‍ അനുശോചനം പ്രകടിപ്പിച്ചും പാകിസ്‌താനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ചൈന തയാറാക്കിയ പ്രമേയത്തില്‍ ഇങ്ങനെ പറയുന്നു: “നിന്ദ്യമായ ഈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചകരെയും സംഘാടകരെയും സാമ്പത്തികസഹായം നല്‍കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത യു.എന്‍. രക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ അടിവരയിടുന്നു.
ഇതുസംബന്ധിച്ച് രാജ്യാന്തരനിയമങ്ങളോടുള്ള പ്രതിബന്ധതയുടെയും രക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും അടിസ്‌ഥാനത്തില്‍ പാക് സര്‍ക്കാരുമായി സഹകരിക്കാന്‍ എല്ലാ അംഗരാജ്യങ്ങളോടും അഭ്യര്‍ഥിക്കുന്നു”.ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിയ ചൈനീസ് പ്രസ്താവനയില്‍ ജര്‍മനിയും യുഎസും ഒപ്പിടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഏറെ വൈകിയാണ് യുഎന്‍ സുരക്ഷാ സമിതിയുടെ ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങിയത്. ചൊവ്വാഴ്ചയാണ് ചൈന സുരക്ഷാ സമിതിയില്‍ പ്രസ്താവന അവതരിപ്പിച്ചത്. എന്നാല്‍ അവസാന നിമിഷം എതിര്‍പ്പുമായി ജര്‍മനി എത്തി. തൊട്ടുപിന്നാലെ യുഎസും.
ജൂണ്‍ 29നു കറാച്ചി സ്റ്റോക് എക്‌സ്‌ചേഞ്ചിനു നേരേയുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ടും പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുമാണ് ചൈനയുടെ പ്രസ്താവന. ഇന്ത്യക്കെതിരായി പരോക്ഷ പരാമര്‍ശമെങ്കിലും കൊണ്ടുവരാണുള്ള ചൈന – പാക് നീക്കമാണു പരാജയപ്പെട്ടത്. ഇന്ത്യയ്‌ക്കെതിരായ പരോക്ഷ പരാമര്‍ശം പോലും പ്രമേയത്തിലിടംപിടിച്ചില്ല.
ചൈന-പാക് അച്ചുതണ്ടിനെതിരേ ലോകവ്യാപകമായുള്ള എതിര്‍പ്പാണു യു.എന്‍. രക്ഷാ കൗണ്‍സിലില്‍ പ്രതിഫലിച്ചതെന്നു വിദഗ്‌ധര്‍ വിലയിരുത്തുന്നു. ഇന്ത്യക്കെതിരായ പരാമര്‍ശത്തിനിടെ അല്‍ ക്വയ്‌ദ നേതാവ് ഒസാമ ബിന്‍ ലാദനെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചതും യു.എസിന് അനിഷ്‌ടമായി.പാകിസ്‌താനിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പേരില്‍ ഇന്ത്യയെ പഴിക്കരുതെന്നായിരുന്നു ആരോപണത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
കറാച്ചി ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്‌ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ 4 സെക്യൂരിറ്റി ജീവനക്കാരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. നാല് അക്രമികളെ പൊലീസ് വധിക്കുകയും ചെയ്തു.മജീദ് ബ്രിഗേഡ് എന്ന സംഘടനയുമായി ബന്ധമുള്ള തീവ്രവാദികളാണിവര്‍. ബലൂചിസ്‌ഥാനു സ്വയംഭരണം ആവശ്യപ്പെട്ടാണു ബലൂചിസ്‌ഥാന്‍ ലിബറേഷന്‍ ആര്‍മി രൂപീകരിച്ചത്. അഫ്‌ഗാനിസ്‌ഥാന്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം. 2004 മുതല്‍ സ്വതന്ത്ര രാജ്യം ലക്ഷ്യമിട്ടാണ് ഇവരുടെ ആക്രമണങ്ങള്‍.
Post Your Comments