എറണാകുളത്തെ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകത്തിനു പിന്നില്‍ ഇസ്‍ലാമിക തീവ്രവാദികളാണെന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഭിമന്യുവിന്‍റെ കൊലപാതകം നടന്ന് രണ്ട് വര്‍ഷമായ ഇന്നാണ് കടകംപള്ളി ഇത്തരത്തിൽ ഒരു കുറിപ്പ് കടകംപള്ളി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അതേസമയം മന്ത്രിയുടെ ആരോപണത്തിനെതിരെ കനത്ത വിമര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് അതാവാമെന്നും മന്ത്രി ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യുവിനോട് പ്രതികരിച്ചു.
‘താന്‍ പറഞ്ഞത് തെറ്റാണെന്ന് പറയാനുള്ള അവകാശം ആര്‍ക്കും ഉണ്ട്. അത് അവര്‍ പറയട്ടെ. സൈബര്‍ ആക്രമണം നടത്തുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ’; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്‍റെ ഇസ്‍ലാമിക തീവ്രവാദികളെന്ന നിലപാടിനെതിരെ യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരമാണ് ശക്തമായ വിമര്‍ശനമുന്നയിച്ചത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.പി അനില്‍കുമാറും കടകംപള്ളിക്കെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചു.
2018 ജൂലെ രണ്ടിന് പുലര്‍ച്ചെ 12.45നായിരുന്നു എറണാകുളം മഹാരാജാസ് കോളജിന് മുന്നിൽ വെച്ച് അഭിമന്യുവിന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റത്. മറ്റൊരു എസ്.എഫ്.ഐ നേതാവായ അർജുനും കുത്തേറ്റിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രധാന പ്രതി സഹൽ ഹംസ കീഴടങ്ങിയത്. 16 പ്രതികളാണ് ഇതിനോടകം പിടിയിലായത്. സംഭവം നടന്ന് 85ാം ദിവസം 1500 പേജുള്ള ആദ്യഘട്ട കുറ്റപത്രം നൽകിയിരുന്നു. കേസിന്‍റെ വിചാരണ മാസങ്ങൾക്കുള്ളിൽ തുടങ്ങും. എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് എ.സി.പി എസ്.ടി. സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.
അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പൊലീസിന് ഇനിയും കണ്ടെത്താൻ ആയിട്ടില്ല. സഹൽ കീഴടങ്ങിയതിന് ശേഷം പൊലീസ് വേമ്പനാട്ട് കായലിൽ പരിശോധന നടത്തിയിരുന്നു. വെണ്ടുരുത്തി പാലത്തിന് സമീപം അഗ്നിശമന സേനയുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും തെരച്ചിൽ തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Post Your Comments