കണ്ണൂര്‍ • കണ്ണൂർ ജില്ലയില്‍ 23 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് ഇന്നലെ (ജൂണ്‍ 30) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മറ്റു മൂന്നു പേര്‍ വിദേശത്തു നിന്നു വന്നവരാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 20ന് മസ്‌കറ്റില്‍ നിന്ന് ഒവി 1426 വിമാനത്തിലെത്തിയ എരമം കുറ്റൂര്‍ സ്വദേശി 39കാരന്‍, 24ന് കുവൈറ്റില്‍ നിന്ന് ജെ9 1415 വിമാനത്തിലെത്തിയ ഏഴോം മൂന്നാംപീടിക സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈറ്റില്‍ നിന്ന് ജെ9 405 വിമാനത്തിലെത്തിയ ചിറക്കല്‍ സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
കേരളത്തില്‍ നിന്നുള്ള ഏഴു പേര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ച് പേര്‍, തമിഴ്‌നാട്, ബീഹാര്‍, ഹരിയാന, രാജസ്ഥാന്‍ സ്വദേശികളായ ഈരണ്ടു പേര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സ്വദേശികളായ ഒരാള്‍ വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ എണ്ണം.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 471 ആയി. ഇവരില്‍ 280 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം മലബാര്‍ സ്വദേശി 64കാരന്‍, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലക്കോട് തേര്‍ത്തല്ലി സ്വദേശി അഞ്ച് വയസ്സുകാരന്‍ എന്നിവര്‍ ഇന്നലെയാണ് വീടുകളിലേക്ക് മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22664 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 83 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 179 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 33 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 22342 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 14420 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13556 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 12747 എണ്ണം നെഗറ്റീവാണ്. 864 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
അനുമതിയില്ലാതെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കരുത്: കലക്ടര്‍
വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരില്‍ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനായി ക്വാറന്റൈന്‍ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അധികൃതരുടെ അറിവോ അനുമതിയോ ഇല്ലാതെ ചിലയിടങ്ങളില്‍ ക്വാറന്റൈന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി യോഗം വിലയിരുത്തി. ജില്ലാ കലക്ടറുടെയോ തദ്ദേശ സ്ഥാപനത്തിന്റെയോ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരം ക്വാറന്റൈന്‍ സ്ഥാപനങ്ങള്‍ സജ്ജമാക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണം.
നിലവില്‍ ഇത്തരത്തില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറന്റൈന്‍ സ്ഥാപനങ്ങളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിവരങ്ങള്‍ ജൂലൈ മൂന്നിനകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഡിഎംഒ വഴിയും പഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ വഴിയും നഗരസഭാ സെക്രട്ടറിമാര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വഴിയുമാണ് സമര്‍പ്പിക്കേണ്ടത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അഡീഷനല്‍ എസ് പി പ്രജീഷ് തോട്ടത്തില്‍, എഡിഎം ഇ പി മേഴ്‌സി, ഡിഎംഒ ഡോ. കെ നാരായണ നായിക് തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments