ജനീവ: കൊറോണ വൈറസിന്റെ സങ്കീര്‍ണമായ കാലഘട്ടം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന ചലവന് ടെഡ്രോസ് അഥനം ഗബ്രിയേസിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനയും, സാമൂഹിക അകലം പാലിക്കലും മാത്രമാണ് കോവിഡിനെ തുരത്താനുള്ള പ്രധാന മാര്‍ഗങ്ങളെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ലോകജനതയ്ക്ക് ഒന്നാകെ ഈ മഹാമാരിയില്‍ നിന്ന് രക്ഷപ്പെടേണ്ടതുണ്ട്. എന്നാല്‍, കോവിഡ് അതിന്റെ ഭീതിജനകമായ ഘട്ടം കടന്നിട്ടില്ലെന്നതാണ് വസ്തുത. ചില രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും ആഗോളതലത്തില്‍ വൈറസ് വ്യാപനം വളരെ വേഗത്തിലാണ്.- ടെഡ്രോസ് അഥനം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അടുത്ത മഹാമാരിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചപ്പനി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ഗവേഷകര്‍ വ്യക്തമാക്കി. പന്നികളിലാണ് ഇത് ആദ്യം കണ്ടെത്തിയതെങ്കിലും ഇത് മനുഷ്യരെയും ബാധിക്കുമെന്നാണ് അവര്‍ പറയുന്നത്.
ഇത് മാറ്റങ്ങള്‍ സംഭവിച്ച് വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിനും അതുവഴി ലോകം മുഴുവന്‍ പൊട്ടിപ്പുറപ്പെടുന്നതിനും കാരണമാകുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു. പന്നിപ്പനിക്ക് സമാനമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പകര്‍ച്ചപ്പനിയെന്നാണ് റിപ്പോര്‍ട്ട്.
മനുഷ്യരെ ബാധിക്കാന്‍ കടുത്ത സാധ്യതകളാണുള്ളതെന്നും അതുകൊണ്ട് ശക്തമായ നിരീക്ഷണം വേണമെന്നുമാണ് മുന്നറിയിപ്പ്. പുതിയ വൈറസായതിനാല്‍ മനുഷ്യര്‍ക്ക് ഈ വൈറസിനെതിരെ പ്രതിരോധശേഷി കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍.
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ വൈറസ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കാമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. G4 EA H1N1 എന്നാണ് വൈറസിന് പേരിട്ടിരിക്കുന്നത്. ചൈനയില്‍ തിരിച്ചറിഞ്ഞ ഈ പകര്‍ച്ചപ്പനിക്ക് 2009ല്‍ റിപ്പോര്‍ട്ട് ചെയ്ത പന്നിപ്പനിയുമായി ചില സാമ്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments