Latest NewsKeralaNews

ബ്ലാക്ക്‌മെയ്‌ലിങ് തട്ടിപ്പ് കേസിലെ പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി : നടി ഷംന കാസിമിനെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബ്ലാക്ക്‌മെയ്‌ലിങ്  തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പ്രതികളിലൊരാൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. പിടിയിലാകാനുള്ള മൂന്ന് പേരിൽ ഒരാൾക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാളുടെ അറസ്റ്റ് വൈകും.

ഷംന കാസിമിന്റെ കേസിന് പുറമെ ബ്ലാക്ക്‌മെയ്‌ലിങ് തട്ടിപ്പിൽ ഇതുവരെ ഏഴ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഷംനയുടേതിന് സമാനമായ നാല് ചീറ്റിങ് കേസുകൾ കൂടിയുണ്ടെന്ന് മനസിലായെന്നും ഐജി പറഞ്ഞു.

സംഭവത്തിൽ നിർണ്ണായകമായ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. മുഖ്യപ്രതികളിൽ ഒരാളായ ഹാരിസാണ് പിടിയിലായത്. ഇയാൾ തൃശ്ശൂർ സ്വദേശിയാണ്. മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഷംന കാസിമിന്റെ കേസിൽ അടക്കം നിർണ്ണായക വിവരങ്ങൾ ഇയാളിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്. ഹാരിസിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ ഇതുവരെ ലൈംഗികാതിക്രമം നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി. ഹൈദരാബാദിൽ സിനിമ ഷൂട്ടിങ്ങിലുള്ള ഷംന കാസിം ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. ഇവർ ക്വാറന്റൈനിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ നാളെ ഷംന കാസിമിന്റെ മൊഴി ഓൺലൈനായി പൊലീസ് രേഖപ്പെടുത്തും. അതിന് ശേഷമാകും തുടരന്വേഷണം.

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. മൂന്ന് പ്രതികളെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വൈകാതെ ഇവരെ കസ്റ്റഡിയിൽ വാങ്ങും. പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ പൊലീസിന് കിട്ടിയിട്ടുണ്ടെന്നും കൊച്ചി ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button