തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണലോക്ക്ഡൗണ്‍ ഒഴിവാക്കി സര്‍ക്കാര്‍. ഇനി മുതല്‍ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. സാധാരണ നിലയിലുള്ള ഇളവുകള്‍ ഇനിമുതല്‍ ഞായറാഴ്ചകളിലും ഉണ്ടാകും.വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
സംസ്ഥാനമൊട്ടാകെ നടപ്പാക്കി വന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് എല്ലാ ഞായറാഴ്ചകളിലും ലോക്ക് ഡൗൺ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അവശ്യസര്‍വ്വീസുകള്‍ ഒഴികെയുള്ള ഒന്നിനും ഞായറാഴ്ചകളില്‍ ഇളവ് ഉണ്ടായിരുന്നില്ല. പ്രവേശന പരീക്ഷകള്‍ നടക്കുന്നത് കൊണ്ട് കഴിഞ്ഞ ഞായറാഴ്ച ഇളവ് നല്‍കി. എന്നാല്‍ മറ്റ് ദിവസങ്ങളില്‍ പൂര്‍ണ്ണമായ ഇളവ് നല്‍കിയിട്ട് ഞായറാഴ്ച മാത്രം സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയത് കൊണ്ട് ഗുണമില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നിലവില്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഉള്ള ഇളവുകള്‍ ഞായറാഴ്ചകളിലും ഉണ്ടാകും. കടമ്പോളങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. അതേസമയം, ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Post Your Comments