ചെറുകുന്ന് : വൃക്ക രോഗം ബാധിച്ചു തളർന്നു പോയിട്ടും മനസ്സു തളരാതെ, അരയ്ക്കു താഴേക്കു ചലനശേഷിയില്ലാത്ത 2 പെൺമക്കളെ നോക്കി വളർത്തിയ അമ്മ അകാലത്തിൽ പൊലിഞ്ഞു. പ്ലസ് ടു വരെ രണ്ടു മക്കളെയും തോളിലേറ്റി സ്കൂളിലെത്തിച്ച് പഠിപ്പിച്ചിരുന്ന ചെറുകുന്ന് പൂങ്കാവ് ലക്ഷംവീട് കോളനിയിലെ പുതിയേടത്ത് വളപ്പിൽ എം.ശൈലജ (42) ആണ് മരിച്ചത്. ഇതോടെ ഇരട്ടപ്പെൺകുട്ടികളും ഇളയ മകളും കണ്ണിനു ശസ്ത്രക്രിയ കഴിഞ്ഞ ഭർത്താവും അടങ്ങുന്ന കുടുംബം ദുരിതത്തിലായിരിക്കുകയാണ്.
ചെറുകുന്ന് ഗവ. വെൽഫേർ ഹൈസ്കൂളിലായിരുന്നു ഇരട്ടക്കുട്ടികളായ പി.വി. മൃദുലയും പി.വി.അനുശ്രീയും പഠിച്ചിരുന്നത്. പത്തൊമ്പതുകാരികളായ ഇരട്ട മക്കളെ അവസാന നാളിലും ഈ അമ്മയാണ് തോളിലേറ്റി നടന്നിരുന്നത്. മൂന്നാമത്തെ കുട്ടി പി.വി.അനശ്വരയും ഇതേ സ്കൂളിലെ വിദ്യാർഥിനിയാണ്. മൂന്ന് പേരും
പഠിപ്പിൽ മിടുക്കികളായിരുന്നു.അത് കൊണ്ട് തന്നെ കുട്ടികളെയും എന്ത് വില കൊടുത്തും പഠിപ്പിക്കാൻ അമ്മ ശൈലജയും അച്ഛൻ മുരളീധരനും ശ്രദ്ധാലുക്കളായിരുന്നു.
അരയ്ക്കു താഴെ തളർന്ന തന്റെ മക്കളുടെ എന്താവശ്യത്തിനും ഈ അമ്മയായിരുന്നു സഹായം. എന്നാൽ ഇതിനിടയിൽ ശൈലജക്ക് വൃക്കരോഗം പിടിപെട്ട് ചികിത്സയിലായി. രോഗം മൂർച്ഛിച്ചതോടെ മക്കളെയും ഭർത്താവിനെയും ശൈലജക്ക് ശ്രദ്ധിക്കാൻ പറ്റാതായി. തുടർന്ന് വെള്ളിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ശൈലജയുടെ വിയോഗം മക്കളെയും മുരളീധരനെയും ഒറ്റപ്പെടുത്തിരിക്കുകയാണ്. മക്കളുടെ കാര്യത്തിൽ പൂർണശ്രദ്ധ നൽകേണ്ടതിനാൽ മുഴുവൻ സമയവും ജോലിക്ക് പോകാനാകാതെ മുരളീധരൻ വീട്ടിൽ തന്നെയാണ്. കണ്ണുകൾക്ക് ശസ്ത്രക്രിയ നടത്തിയതിനാൽ നേരത്തെയുള്ള സ്വർണ പ്പണി കൂടി ചെയ്യാനാവാത്ത നിലയായി.ഇപ്പോൾ ആശാരിപ്പണിക്ക് സഹായിയായി പോകുന്നതിനാൽ സ്ഥിരവരുമാനവും ഇല്ലാതായി. ഭക്ഷണം, വസ്ത്രം, പഠനം, ചികിത്സ തുടങ്ങി കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ ഇനി എന്തു ചെയ്യും എന്നറിയാതെ പകച്ച് നിൽക്കുകയാണ് മുരളീധരൻ.
മുരളീധരന്റെ പേരിൽ കണ്ണപുരം എസ്.ബി.ഐയിൽ അക്കൗണ്ടുണ്ട്. നമ്പർ: 67103329522. ഐ.എഫ്.എസ് കോഡ്:SBIN 0070373.
Post Your Comments