ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശില്‍ നാല് ഉൽഫ ഭീകരരെ സുരക്ഷാ സേന പിടികൂടി. ഇവരിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെത്തി. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസോം- ഇന്‍ഡിപെന്റന്റ് (ഉൽഫ) സംഘടനയിലെ ഭീകരരാണ് പിടിയിലായത്. ടിക്ഷേര് മൊറാന്‍, അരൂപ് ദൊവാര, സുര്‍ജീത് ദൊവാര,ജിന്റു എന്നിവരാണ് പിടിയിലായതെന്ന് സുരക്ഷാ സേന അറിയിച്ചു. ഇവരില്‍ നിന്നും ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
പ്രദേശത്തെ വന മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി പോലീസിന് ഇന്റലിജന്‍സിന്റെ അറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ ആരംഭിച്ചത്. അസ്സം റൈഫിള്‍സ് ട്രൂപ്പും പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. തിരാപ്പ് ജില്ലയിലെ ചന്ഗലാംഗ് പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരരെ സുരക്ഷാ സേന പിടികൂടിയത്.
നാല് പിസ്റ്റലുകള്‍ , നാല് മാഗസീനുകള്, 20 റൗണ്ട് വെടിയുണ്ടകള്‍, എട്ട് സൗണ്ട് എസ്എല്ആറുകള് എന്നിവയാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇതിന് പുറമേ രണ്ട് മൊബൈല്‍ഫോണ്‍ ഹെഡ്സെറ്റുകളും, ഉൽഫ -ഐയുടെ ബാഡ്ജുകളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായ ഭീകരരെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യലില്‍ മ്യാന്മാറിലെ താഗ പ്രദേശത്തു നിന്നാണ് പരിശീലനം ലഭിച്ചതെന്ന് നാല് പേരും മൊഴിനല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇവരില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങളും വിദഗ്ധര്‍ പരിശോധിച്ച് വരികയാണ്.
Post Your Comments