
ന്യൂഡല്‍ഹി • സന്ദേശര സഹോദരന്മാരുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംഘമെത്തി.
മൂന്ന് അംഗ സംഘം മധ്യ ഡൽഹിയിലെ മദർ തെരേസ ക്രസന്റിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) പട്ടേലിന്റെ പ്രസ്താവന സംഘം രേഖപ്പെടുത്തി.
കേസിൽ ചോദ്യം ചെയ്യാനായി ഇഡി രണ്ടുതവണ പട്ടേലിനെ വിളിപ്പിച്ചിരുന്നുവെങ്കിലും ഗുജറാത്തിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എം.പി കോവിഡ് -19 മഹാമാരി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മുതിർന്ന പൗരന്മാര്‍ക്ക് യാത്ര പാടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. അദ്ദേഹത്തിന്റെ അഭ്യർഥന അംഗീകരിച്ച ഏജൻസി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അടുത്തേക്ക് അയക്കുമെന്ന് അറിയിച്ചിരുന്നു.
ആന്ധ്ര ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ നിന്ന് സന്ദേശര സഹോദരന്മാരുടെ സ്റ്റെർലിംഗ് ബയോടെക് എന്ന സ്ഥാപനം 5,000 കോടി രൂപ വായ്പയെടുത്തു മുങ്ങിയെന്നാണ് ആരോപണം. ഇപ്പോള്‍ മൊത്തം ബാധ്യത 8,100 കോടി രൂപയാണ്.
സന്ധേശരസ്, നിതിൻ, ചേതൻ എന്നിവർ നൈജീരിയയിൽ ഒളിവില്‍ കഴിയുകയാണെന്നും ഇന്ത്യൻ ഏജൻസികൾ അവരെ പിടികൂടാന്‍ ശ്രമിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
Post Your Comments