COVID 19Latest NewsIndiaNews

കോവിഡ് ഭേദമാക്കുന്ന ആയുര്‍വേദമരുന്ന് ; ബാബ രാംദേവ് ഉൾപ്പെടെ 5 പേര്‍ക്കെതിരേ എഫ്‌ഐആര്‍

ജയ്പുര്‍ : ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെതിരെയുള്ള മരുന്നും വാക്‌സിനും കണ്ടുപിടിക്കുന്ന തിരക്കിലാണ് ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിലെ വിദഗ്ദര്‍. എന്നാൽ ഇതൊക്കെ നടക്കുന്നതിനിടയിലാണ് കോവിഡ് ഭേദമാക്കുന്ന ആയുര്‍വേദമരുന്ന് വികസിപ്പിച്ചെന്ന് അവകാശ വാദവുമായി ബാബ രാംദേവ് രംഗത്തെത്തിയത്. ഹരിദ്വാറില്‍ പതഞ്ജലി ആസ്ഥാനത്ത് വച്ച് ബാബ രാംദേവ് തന്നെയാണ് മരുന്ന് അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോഴിതാ ബാബ രാംദേവ് ഉൾപ്പെടെ പതഞ്ജലി സിഇഒ ആചാര്യ ബാല്‍കൃഷ്ണ അടക്കം അഞ്ച് പേര്‍ക്ക് എതിരേ ജയ്പുര്‍ പോലീസ്  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് കൊറോണില്‍ എന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയെന്നാരോപിച്ച് രാംദേവ്, ആചാര്യ ബാല്‍കൃഷ്ണ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരേയാണ് ജയ്പൂരിലെ ജ്യോതി നഗര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ചൊവ്വാഴ്ച ഹരിദ്വാറിൽ വെച്ച് പുറത്തിറക്കിയ മരുന്നിന് മണിക്കൂറുകള്‍ക്കകം കേന്ദ്രസര്‍ക്കാര്‍ വിശദീകരണവും തേടിയിരുന്നു. മരുന്നിന്റെ പരസ്യം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതുവരെ അത്തരം അവകാശവാദങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സര്‍ക്കാര്‍ കമ്പനിയോട് നിര്‍ദേശിച്ചു.

എന്നാൽ കൊറോണില്‍ ആന്‍ഡ് സ്വാസരി’എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും ഏകദേശം 100ഓളം രോഗികളില്‍ ആണ് മരുന്ന് പരീക്ഷിച്ചതെന്നും ബാബ രാംദേവ് അവകാശപ്പെടുന്നത്. ഇതില്‍ 65 പേരും മൂന്ന് ദിവസത്തിനുള്ള കൊറോണവൈറസ് നെഗറ്റീവ് ആയി എന്നും ബാക്കിയുള്ളവർ ഏഴ് ദിവസത്തിനുള്ളില്‍ സുഖം പ്രാപിച്ചു എന്നുമാണ് തഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ് മാധ്യമങ്ങളോടു പറഞ്ഞത്.

തുടര്‍ന്ന് ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണഫലം എന്ത്, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, മരുന്നു തയ്യാറാക്കിയതിന്റെ വിശദീകരണം, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ നല്‍കണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button