ചന്തേര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് വിലപേശല്‍ പതിവാക്കിയ ബി.ഡി.എസ് വിദ്യാര്‍ത്ഥി അറസ്റ്റിൽ. ചീമേനി സ്വാമിമുക്ക് സ്വദേശിയായ 19 കാരനെയാണ് കണ്‍ട്രോള്‍ റൂം എസ്.എച്ച്. ഇന്‍സ്‌പെക്ടര്‍ കെ.പി. അഭിലാഷ്, പയ്യന്നൂര്‍ എസ്.ഐ പി. ബാബുമോന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. എറണാകുളത്ത് ദന്തല്‍ കോളേജില്‍ ഒന്നാംവര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ ഇയാള്‍ അടുത്ത കാലത്തായി ചന്തേരയില്‍ വാടക വീട്ടില്‍ താമസക്കാരനാണ്.
കേരള പൊലീസിന്റെ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സൈബര്‍ സെല്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. ഇയാള്‍ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും മറ്റും നിര്‍മ്മിച്ച് പലരെയും കാണിച്ച് വിലപേശല്‍ നടത്തിയതായി കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം സൈബര്‍സെല്‍ ഏറെ നാളായി ഇയാളെ നിരീക്ഷണത്തിന് വിധേയനാക്കിയിരുന്നു.
അതേസമയം, സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് 47 പേര്‍ പിടിയില്‍ ആയി . ഇന്ന് രാവിലെ മുതലാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. നേരത്തെ ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകളിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഓപ്പറേഷന്‍ പി ഹണ്ട് വഴി അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികളുടെ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ ദുരുപയോഗം ചെയ്യുന്നുവെന്ന് കേരളാ പൊലീസിന്റെ സൈബര്‍ ഡോമിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇലട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 117 കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എഡിജിപി മനോജ് എബ്രഹാമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
Post Your Comments