ബംഗളുരു: വിവാഹവാഗ്‌ദാനം നടത്തി യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിക്കു മുന്‍കൂര്‍ജാമ്യം നല്‍കി കര്‍ണാടക ഹൈക്കോടതി. ഒരുലക്ഷം രൂപയുടെ ബോണ്ടിന്റെയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കില്ലെന്ന ഉറപ്പിന്റെയും അടിസ്‌ഥാനത്തിലാണു പ്രതിക്കു ജാമ്യമനുവദിച്ചത്. പരാതിക്കാരിയുടെ മൊഴിയിലും കേസിന്റെ വിശ്വാസ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു.രാത്രി 11-ന് എന്തിന് ഓഫീസില്‍ പോയെന്നു പരാതിക്കാരി പറയുന്നില്ല.
യുവതിക്കു കുറ്റാരോപിതന്‍ മദ്യമോ മറ്റു പാനീയങ്ങളോ നല്‍കിയിട്ടില്ല. ബലാത്സംഗത്തിനിരയായ താന്‍ അവശയായെന്നും ഉറങ്ങിപ്പോയെന്നുമുള്ള മൊഴി കോടതി ചൂണ്ടിക്കാട്ടി. രണ്ടുവര്‍ഷമായി കുറ്റാരോപിതന്റെ സ്‌ഥാപനത്തില്‍ ജോലിക്കാരിയാണു പരാതിക്കാരി.”കുറ്റകൃത്യ”ത്തിനുശേഷവും രാവിലെവരെ ഓഫീസില്‍ പ്രതിക്കൊപ്പം തുടരുകയും ചെയ്‌തു. ബലാത്സംഗത്തിനിരയായ താന്‍ അവശയായി ഉറങ്ങിപ്പോയെന്ന വാദം ഒരു ഇന്ത്യന്‍ സ്‌ത്രീക്കു ചേര്‍ന്നതല്ല.
മാനഭംഗത്തിനിരയായ നമ്മുടെ സ്‌ത്രീകള്‍ ഇങ്ങനെയല്ല പ്രതികരിക്കുക. ഈ സാഹചര്യത്തില്‍ വിവാഹവാഗ്‌ദാനത്തിലൂടെ ബലാത്സംഗമെന്നത് അവിശ്വസനീയമാണെന്നും ജസ്‌റ്റിസ് കൃഷ്‌ണ എസ്. ദീക്ഷിത് നിരീക്ഷിച്ചു.ബലാത്സംഗം, വഞ്ചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ഗൗരവമേറിയതാണ്. എന്നാല്‍, പ്രഥമദൃഷ്‌ട്യാ പോലീസ് കേസില്ലാത്ത ഒരു സംഭവത്തില്‍ പൗരാവകാശം നിഷേധിക്കാന്‍ അതൊന്നും മതിയാവില്ല. ലൈംഗികചൂഷണത്തിനിരയായ ആദ്യഘട്ടത്തില്‍ത്തന്നെ കോടതിയെ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു പരാതിക്കാരി പറയുന്നില്ല.
അത്താഴം കഴിക്കാന്‍ പ്രതി ഹോട്ടലിലേക്കു കൊണ്ടുപോയപ്പോഴും മദ്യപിച്ചശേഷം സമീപിച്ചപ്പോഴുമൊന്നും പോലീസിനെയോ മറ്റുള്ളവരെയോ വിവരമറിയിക്കാന്‍ യുവതി തയാറായില്ല. കേസില്‍ ഒത്തുതീര്‍പ്പുണ്ടായാല്‍ പരാതി പിന്‍വലിക്കാന്‍ തയാറാണെന്നു വ്യക്‌തമാക്കുന്ന യുവതിയുടെ കത്തും കോടതി ചൂണ്ടിക്കാട്ടി.
Post Your Comments