കാൻപുർ: അഭയ കേന്ദ്രത്തിലെ പെണ്കുട്ടി എച്ച് ഐ വി പോസിറ്റീവ് ബാധിതയെന്ന് പ്രചരണം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. യുപി കാൻപുരിലെ സ്വരൂപ് നഗറിൽ സ്ഥിതി ചെയ്യുന്ന അഭയ കേന്ദ്രം അധികൃതരാണ് വ്യാജപ്രചരണങ്ങൾക്കെതിരെ പരാതി നൽകിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതരായ വ്യക്തികളെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭരണ നേതൃത്വത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും അന്തേ വാസികളുടെ അന്തസിനെ അവഹേളിക്കാനുമുള്ള മനപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട്, പകർച്ചവ്യാധി നിയന്ത്രണ നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ അഭയ കേന്ദ്രത്തിലെ അന്തേവാസികളായ 57 പെൺകുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടികളിൽ അഞ്ച് പേർ ഗർഭിണികളും ആയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സ്ഥാപനത്തെ ചുറ്റിപ്പറ്റി നിരവധി വിമർശനങ്ങൾ ഉയർന്നത്. ഇതിലൊന്ന് രോഗം സ്ഥിരീകരിച്ച പെണ്കുട്ടികളിൽ ഒരാൾ എച്ച്ഐവിയാണെന്നും മറ്റൊരാൾക്ക് ഹെപ്പറ്റിറ്റീസ് ആണെന്നുമായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ അധികൃതരുടെ പരാതി.
അഭയകേന്ദ്രത്തിലെത്തിയ ശേഷമാണ് പെൺകുട്ടികൾ ഗർഭിണിയായതെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും അധികൃതർ തള്ളിക്കളഞ്ഞിട്ടുണ്ട്. ‘ഇത്തരം ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണ്.. ബലാത്സംഗത്തിന് ഇരകളാക്കപ്പെട്ട പെൺകുട്ടികളെ സാമൂഹ്യ ക്ഷേമ വകുപ്പ് ഇടപെട്ടാണ് അഭയകേന്ദ്രത്തിലെത്തിച്ചത്. ഇവിടെ എത്തുമ്പോൾ തന്നെ ഇവർ ഗർഭിണികളായിരുന്നു ‘ എന്നും ജില്ലാ മജിസ്ട്രേറ്റ് ബ്രഹ്മദേവ് റാം തിവാരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.. വെറുതെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments